KeralaNews

വരുമാനത്തിൽ 145% വർധന; കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ

കൊച്ചി: പ്രവര്‍ത്തന വരുമാനത്തില്‍ വന്‍കുതിപ്പ് നടത്തി കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 145% അധികവരുമാനം നേടിയ കെ.എം.ആര്‍.എല്‍. ആദ്യമായി പ്രവര്‍ത്തന ലാഭത്തിലെത്തി. 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വര്‍ധിച്ചത്.

5.35 കോടിയാണ് ഇത്തവണത്തെ പ്രവര്‍ത്തനലാഭം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവും വരവും ആസ്പദമാക്കിയാണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്. മെട്രോയുടെ നിര്‍മാണത്തിനും സാങ്കേതികവിദ്യക്കും വേണ്ടിവന്ന വായ്പകളും മറ്റു നികുതികളും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ലാഭമുയര്‍ത്തി ഇതിനുകൂടി വേണ്ട വരുമാനം കണ്ടെത്താനാണ് ശ്രമമെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു.

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ആദ്യമായി പ്രവർത്തനലാഭത്തിലെത്താൻ കെ.എം.ആർ.എല്ലിനെ സഹായിച്ചത്. കോവിഡിനുശേഷം 2021 ജൂലൈയിൽ മെട്രോയിലെ ശരാശരി പ്രതിദിനയാത്രക്കാർ 12000 മാത്രമായിരുന്നു. എന്നാൽ, 2022 സെപ്തംബറിൽ അ‌ത് 75,000-ലേക്കും ഈ വർഷം ജനുവരിൽ 80,000-ലേക്കും കുതിച്ചുയർന്നു. ഇപ്പോൾ ദിവസത്തിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

2020-21 കാലത്ത് 12.90 കോടി രൂപയായിരുന്നു ടിക്കറ്റ് നിരക്കില്‍നിന്നുള്ള (ഫെയര്‍ ബോക്‌സ്) വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അത് 485 ശതമാനം വളര്‍ന്ന് 75.49 കോടി രൂപയിലെത്തി. പരസ്യങ്ങളില്‍നിന്നും മറ്റു പരിപാടികളില്‍നിന്നുമുള്ള ടിക്കറ്റിതര വരുമാനം (നോണ്‍ ഫെയര്‍ ബോക്‌സ്) മുന്‍വര്‍ഷത്തെ 41.42 കോടി രൂപയില്‍ നിന്ന് 2022-23 വര്‍ഷത്തില്‍ 58.55 കോടി രൂപയായി ഉയര്‍ന്നതായും കെ.എം.ആര്‍.എല്‍. പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കുറഞ്ഞ കാലയളവില്‍ ഒപ്പേറഷണല്‍ പ്രോഫിറ്റ് എന്ന നേട്ടം തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയതും സെല്‍ഫ് ടിക്കറ്റിങ് മെഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയംകണ്ടു. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കിയത് വലിയ ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെലവുചുരുക്കല്‍ നടപടികളിലൂടെ മുന്‍വര്‍ഷങ്ങളില്‍ തന്നെ പ്രവര്‍ത്തനനഷ്ടം താഴ്ത്തിക്കൊണ്ടുവരാന്‍ സാധിച്ചിരുന്നതായി മെട്രോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 56.56 കോടിയായിരുന്ന പ്രവര്‍ത്തന നഷ്ടം 2021-2022ല്‍ 34.94 കോടി രൂപയിലേക്ക് കുറയ്ക്കാനായിരുന്നു. 2022-23-ല്‍ പുതിയ രണ്ട് സ്റ്റേഷനുകള്‍ കൂടി ആരംഭിച്ചെങ്കിലും ചെലവ് കാര്യമായി കൂടിയില്ല. ഡിസംബര്‍-ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും മെട്രോയുടെ രണ്ടാം ഘട്ടംകൂടി പ്രാവര്‍ത്തികമാകുകയും ചെയ്യുമ്പോള്‍ വലിയ പ്രവര്‍ത്തനലാഭത്തിലേക്ക് എത്താനാകുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker