തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് കോൺഗ്രസ് പ്രവർത്തകർ വിമർശനവും പരാതിയുമായി എത്തിയത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നതാണ് കൂടുതൽ പേരും വിമർശനത്തിന് കാരണമായി പറയുന്നത്. പാർട്ടിയിൽ യുവനിര വളർന്നുവരാൻ സീനിയർ നേതാക്കൾ തടസ്സം നിൽക്കുകയാണെന്നും പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമർശനം ഉന്നയിക്കുന്നു.
ഇതിനോടകം 1600-ഓളം കമൻ്റുകളാണ് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമ്മൻ്റായി എത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തലയെ നീക്കാതിരിക്കാൻ ഉമ്മൻ ചാണ്ടി സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തകരുടെ പ്രതിഷേധം.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമായതോടെ പ്രതികരണവുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്ത് എത്തി. പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന മാധ്യമ വാർത്തകൾ അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.