തിരുവനന്തപുരം:മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വൈദ്യുതി ബിൽ കൂടിയത് മുൻമാസങ്ങളിലെ തുക അടയ്‌ക്കാതിരുന്നതിനാൽ. വൈദ്യുതി ബില്ലിന് എതിരെ കെഎസ്‌ഇബി ആസ്ഥാനത്ത് ചൊവ്വാഴ്‌ച കോൺഗ്രസ് നടത്തിയ ധർണയിൽ ഉമ്മൻചാണ്ടിക്ക് 27,000 രൂപ ബിൽ വന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെഎസ്‌ഇബി നടത്തിയ പരിശോധനയിലാണ് യാഥാർഥ്യം പുറത്തായത്.
പൂജപ്പുര സെക്‌ഷനു കീഴിലാണ് ഉമ്മൻചാണ്ടിയുടെ തലസ്ഥാനത്തെ വസതി. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിലാണ് കണക്‌ഷൻ. ലോക്‌ഡൗൺ കാലത്ത് സംസ്ഥാനത്തെ മുഴുവൻ ഉപയോക്താക്കൾക്കും നൽകിയതുപോലെ ഉമ്മൻചാണ്ടിക്കും ഉപയോഗത്തിന്റെ ശരാശരി കണക്കാക്കി ബിൽ നൽകി.
8195 രൂപയായിരുന്നു ബിൽത്തുക. എന്നാൽ, ഉമ്മൻചാണ്ടി ഇതടച്ചില്ല. ലോക്‌ഡൗൺ ഇളവിനെ തുടർന്ന് കെഎസ്‌ഇബി റീഡിങ് പുനരാരംഭിച്ചു. ജൂൺ ആറിന് യഥാർഥ റീഡിങ്ങിനെ അടിസ്ഥാനമാക്കി പുതിയ ബിൽ നൽകി. അടയ്‌ക്കാതിരുന്ന രണ്ടു മാസങ്ങളിലേതടക്കം ഉപയോഗം കണക്കാക്കി റീഡിങ് എടുത്തപ്പോൾ ഉപയോഗം വർധിച്ചതായും തെളിഞ്ഞു.
നാലു മാസത്തെ ആകെ ഉപയോഗം 3119 യൂണിറ്റ്. ഇതിന്റെ അടിസ്ഥാനത്തിൽ കരുതൽ നിക്ഷേപത്തിന് ഉപയോക്താവിനു നൽകേണ്ട 879 രൂപ കുറച്ച് 27,176 രൂപയുടെ പുതിയ ബിൽ നൽകുകയായിരുന്നു.