തിരുവനന്തപുരം: കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം കൊടുത്തയാളാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിൻ്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു അദ്ദേഹം. രോഗത്തിന് മുന്നിൽ തളരാതെ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റിയ ഉമ്മൻ ചാണ്ടി പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുമതല ഭംഗിയായി നിറവേറ്റിയ ഉമ്മൻ ചാണ്ടി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്ന് കേരളത്തിന് മുന്നിൽ തെളിയിച്ചു. രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചത്. രോഗകാലത്ത് ഒരു ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോൾ പ്രസരിപ്പും ഉൻമേഷവുമുള്ള ആളായിട്ടാണ് അദ്ദേഹത്തെ കണ്ടത്. നല്ല മാറ്റമുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ചികിത്സിച്ച ഡോക്ടറുടെ പേരാണ് പറഞ്ഞത്. അനുമോദിക്കാൻ ഈ ഡോക്ടറെ വിളിക്കുകയും ചെയ്തു.
ചികിത്സയുടെ ഭാഗമായി താൻ പറയുന്നത് അംഗീകരിക്കുമോ എന്നറിയിലെന്നും അദ്ദേഹം വിശ്രമിക്കാൻ തയ്യാറാകുന്നില്ലെന്നുമാണ് ഡോക്ടർ നൽകിയ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്രമം അദ്ദേഹത്തിൻ്റെ കൂടപ്പിറപ്പല്ല. രോഗാവസ്ഥയിലും കേരളം മുഴുവൻ എത്തുന്ന ഉമ്മൻ ചാണ്ടിയെ ആണ് കണ്ടത്. ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയും താനും 1970ലാണ് നിയമസഭയിൽ എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിച്ചാണ് നിയമസഭയിൽ എത്തിയതെങ്കിലും തനിക്ക് തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാനായില്ല. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിൻ്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു.
വിദ്യാർഥികാലം മുതൽ കോൺഗ്രസിൻ്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്ക് സിന്ദാബാദ് വിളികൾ സദസിൽ നിന്നുയർന്നെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ ശാസിക്കുകയും നിശബ്ദരാകാൻ ആവശ്യപ്പെടുകയും ചെയ്തു. മുദ്രാവാക്യം വിളി നിർത്തിയതോടയാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
ഉമ്മൻ ചാണ്ടിയെപ്പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്കുകൊണ്ട് വേദനിപ്പിക്കാത്ത ആളാണ് അദ്ദേഹം. കാരുണ്യത്തിൻ്റെ ഉടയോനാണ് ഉമ്മൻ ചാണ്ടിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വെറുപ്പിന്റെ പ്രചാരകരെ പോലും സ്നേഹം കൊണ്ട് മാത്രം നേരിട്ട രാഷ്ട്രീയക്കാരനാണ് ഉമ്മൻ ചാണ്ടി. ഒരു മനുഷ്യ ജീവിയോടും വെറുപ്പ് കാണിക്കാത്ത, ഒരാളെയും മോശം വാക്കുകളിലൂടെ അധിക്ഷേപിക്കാത്ത ഉമ്മൻ ചാണ്ടി സ്നേഹം കൊണ്ട് ഇന്ന് ഇതാ ഈ കേരള മണ്ണിനെ മുഴുവൻ കീഴടക്കിയിരിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.