ന്യൂഡല്‍ഹി: ഹിന്ദുവിവാഹനിയമത്തിന് കീഴില്‍ സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യാനനുവദിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മതനിഷ്പക്ഷ നിയമത്തിനോ മതേതര നിയമത്തിനോ കീഴില്‍ മാത്രമേ സ്വവര്‍ഗവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാവൂ എന്ന് സേവാ ന്യായ ഉത്താന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഹിന്ദുമതത്തില്‍ വിവാഹം മതവുമായും മനഗ്രന്ഥങ്ങളുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്നും അതിനാല്‍ പങ്കാളികള്‍ തമ്മിലുള്ള കരാര്‍ എന്ന നിലയ്ക്കുള്ള സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമേ സ്വവര്‍ഗവിവാഹം അനുവദിക്കാവൂ എന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
”ഹിന്ദുനിയമപ്രകാരം സ്വവര്‍ഗവിവാഹം അനുവദിക്കുന്നത് മതസംവിധാനത്തിന് എതിരാകും. പിന്തുടര്‍ച്ചാവകാശം ദത്തെടുക്കല്‍ തുടങ്ങിയവയെയും ബാധിക്കും. വേദഗ്രന്ഥങ്ങള്‍ പ്രകാരം വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ് നടക്കേണ്ടത്. വിവാഹസമയത്ത് ചൊല്ലുന്ന ഒട്ടുമിക്ക വേദമന്ത്രങ്ങളിലും പുരുഷനെയും സ്ത്രീയെയുമാണ് പരാമര്‍ശിക്കുന്നത്. ചരിത്രാതീതകാലം മുതല്‍ ഇതാണ് ഹിന്ദു സമ്പ്രദായത്തില്‍ നടപ്പായി വരുന്നത്.” ഹര്‍ജിയില്‍ പറയുന്നു.
സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റ് കേസുകള്‍ക്കൊപ്പം ഇതും ഫെബ്രുവരി മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡിഎന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.