ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേയുള്ളൂ: നെതന്യാഹു; കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേൽ

ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ ചെയ്തതൊന്നും മറക്കില്ല. പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതര്‍ക്കെതിരേ തങ്ങളുടെ ശത്രുക്കള്‍ ചെയ്തത്. സമാനതകളില്ലാത്ത ശക്തിയോടെ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

‘ഞങ്ങള്‍ രാജ്യത്തിനുവേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരെ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഒരിക്കലും മറക്കില്ല, പൊറുക്കില്ല. ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തുന്നില്ല, പക്ഷേ ഒരുകാര്യം പറയട്ടെ, ഇത് തുടക്കംമാത്രമാണ്’, നെതന്യാഹു പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് ലോകനേതാക്കളുമായി സംസാരിച്ചും മറ്റ് ശ്രമങ്ങളിലൂടെയും ലോകത്തിന്റെയാകെ പിന്തുണ ഇസ്രയേലിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. യു.എസ്. പ്രതിരോധ സെക്രട്ടറിയുമായി സംസാരിച്ചു. ഇസ്രയേലിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് യുദ്ധം തുടരും. ഹമാസിനെ തുടച്ചുനീക്കും, തങ്ങള്‍ വിജയിക്കും. സമയമെടുത്തേക്കാം, എന്നാല്‍ മുന്‍പത്തേതിനെക്കാള്‍ ശക്തമായി ഈ യുദ്ധം അവസാനിപ്പിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ഗാസയില്‍ വ്യാപക റെയ്ഡ് നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തല്‍. മേഖലയിലെ ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പുറത്തുവിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News