കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി കൊച്ചി കോർപറേഷനിലെ മാലിന്യങ്ങൾ മാത്രം. ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ജൈവ മാലിന്യങ്ങൾ ഏപ്രിൽ 30 വരെ മാത്രമെ അനുവദിക്കൂ. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണം. തദ്ദേശ – വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന നഗരസഭകളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
കൊച്ചിയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നത്. ഇത് പ്രകാരം എടുത്ത തീരുമാനമാണ് കൊച്ചി കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് ഈ മാസം മുപ്പതാം തീയതി വരെ മാത്രമേ അനുവദിക്കൂ. അതിനുള്ളിൽ മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃതമായ ബദൽ സംവിധാനം കണ്ടെത്തണം.
ഒരു കാരണവശാലും എല്ലാ മാലിന്യങ്ങളും ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുക എന്നത് അംഗീകരിക്കാനാകില്ല എന്ന തീരുമാനമാണ് മന്ത്രിമാരുടെ യോഗത്തിൽ എടുത്തിരിക്കുന്നത്. മാലിന്യ സംസ്കരണ സംവിധാനം കൊച്ചിയിൽ കർശനമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനകം തന്നെ 54 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. പൊലീസ് പരിശോധന കർശനമാണ്. പൊതുനിരത്തിലും മറ്റും മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ ശക്തമായി നടപടിയുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിൽ നിലവിലുള്ള പ്രതിസന്ധിയെ തുടർന്ന് അവശേഷിക്കുന്ന അജൈവമാലിന്യങ്ങൾ ഒറ്റത്തവണയായി നീക്കം ചെയ്യുന്നതിനുള്ള മാർഗവും അതിനുള്ള വഴികളും യോഗം ആലോചിക്കുന്നുണ്ട്. വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് പിഴ ശക്തമാക്കാനും പൊലീസിന്റെ പരിശോധന വർദ്ധിപ്പിക്കാനും യോഗം നിർദ്ദേശിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യകൂമ്പാരമായെന്ന് ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യ കൂമ്പാരമായെന്നാണ് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടികാട്ടിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണം. മാലിന്യ സംസ്കരണത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി നിരീക്ഷിച്ചു.
പ്ലാസ്റ്റിക് വേർതിരിക്കാതെ എല്ലാ തരം മാലിന്യവും കൂട്ടിക്കലർത്തി ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. 210-230 ടണ്‍ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ട്. ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെങ്കിലും കൂട്ടികലർന്ന രീതിയിൽ മാലിന്യം പൊതുനിരത്തിൽ എത്തുന്നത് പ്രതിസന്ധിയെന്നാണ് കോർപ്പറേഷന്‍റെ വിശദീകരണം.
മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിശോധനയിൽ ജലസ്രോതസുകളിലെ സാമ്പിളുകളിൽ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ടെന്ന് ജില്ല കലക്ടർ കോടതിയെ അറിയിച്ചു. ഈ വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ജസ്റ്റിസുമാരായ എസ് വി ഭാട്ടി ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബ്രഹ്മപുരം വിഷയത്തിൽ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയ കോടതി മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർക്കും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും നിർദ്ദേശം നൽകി. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.