പാലക്കാട്: പിവി അൻവറിന് പിന്നിൽ അൻവർ മാത്രമാണെന്നും മറ്റാരുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ഉൾപ്പെടെ പ്രതിരോധത്തിൽ ആക്കുന്ന നിരവധി ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവറിന്റെ നടപടിയിൽ വിവാദം പുകയുന്നതിനിടെയാണ് എംവി ഗോവിന്ദൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
സിപിഎം സമ്മേളനം തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാലക്കാട്ടെ മേഖലാ ജനറൽബോഡി യോഗത്തിൽ പങ്കെടുക്കാനായി ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് എംവി ഗോവിന്ദന്റെ പ്രതികരണം. നേരത്തെ പോലീസിനെതിരായ പരാതി കേള്‍ക്കാന്‍ പിവി അന്‍വര്‍ എംഎല്‍എ പ്രത്യേക വാട്‌സ്‌ആപ്പ് നമ്പര്‍ നല്‍കിയതില്‍ തെറ്റില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
എഡിജിപിക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തിൽ ആർക്കുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേസിൽ ഒരു അട്ടിമറിയും നടക്കില്ല. ഡിജിപിയാണ് അന്വേഷിക്കുന്നത്. സർക്കാരിന്റെ അന്വേഷണം പൂർത്തിയായാൽ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് എതിരെയും എംവി ഗോവിന്ദൻ രംഗത്ത് വന്നു. ബിജെപിയുടെ വളർച്ചക്ക് പിന്നിൽ ഫലപ്രദമായ സഹായം ചെയ്‌തിട്ടുള്ളത് കോൺഗ്രസാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുൻമുഖ്യമന്ത്രിമാരുടെ മക്കൾ പോലും ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടായെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തൃശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കാൻ കോൺഗ്രസ് കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നാൽ അത് ഹേമാ കമ്മിറ്റി റിപ്പോർട്ടിനേക്കാൾ ഗൗരവമുള്ളതാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
എഡിജിപിയുടെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചും നേരത്തെ എംവി ഗോവിന്ദൻ അഭിപ്രായം അറിയിച്ചിരുന്നു. എംആർ അജിത്കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയതിനെ സിപിഎമ്മിന്റെ തലയിൽ ഇടേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎമ്മിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതിനിടെ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ സ്‌പീക്കർ എഎൻ ഷംസീർ വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചു രംഗത്ത് വന്നിരുന്നു. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും കൂടിക്കാഴ്‌ചയിൽ തെറ്റൊന്നും കാണുന്നില്ലെന്നുമായിരുന്നു സ്‌പീക്കറുടെ പ്രതികരണം.
വ്യക്തിപരമായ കൂടിക്കാഴ്ച്ച ആണിതെന്നും ഷംസീർ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സിപിഎം നേതാക്കൾ എല്ലാം തന്നെ കൂടിക്കാഴ്‌ചയെ തള്ളി പറയുന്നതിനിടെയാണ് സ്‌പീക്കർ ഇക്കാര്യത്തിൽ എഡിജിപിയെ ന്യായീകരിക്കുന്ന നിലപാടുമായി രംഗത്ത് വരുന്നത്.