KeralaNews

പി.എം. കെയര്‍ ഫണ്ടിലേക്ക് ലഭിച്ചത് 10,990 കോടി രൂപ; 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: പി.എം കെയർ ഫണ്ടിലേക്ക് 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്ട്. കോവിഡിനെതിരായ പോരാട്ടത്തിനായി രൂപവത്കരിച്ച പി.എം കെയർ ഫണ്ട് മുഖേന ഇക്കാലയളവിൽ 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും എൻ.ഡി ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.

10,990 കോടി രൂപയാണ് പിഎം കെയർ ഫണ്ടിലേക്ക് ആകെ ലഭിച്ചത്. 2020 സാമ്പത്തിക വർഷം സംഭാവനയായി 3,077 കോടി ലഭിച്ചു. 2021 സാമ്പത്തിക വർഷത്തിൽ 7,679 കോടി ലഭിച്ചു. കൂടാതെ, പലിശ ഇനത്തിൽ 235 കോടിയും ലഭിച്ചു. ആകെ ലഭിച്ച തുകയിൽ 495 കോടി വിദേശത്തുനിന്നുള്ള തുകയാണ്.

കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കാലയളവിൽ 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 1,392 കോടി രൂപ ചെലവഴിച്ച് 6.6 കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങി. 1,311 കോടി ഉപയോഗിച്ച് 50,000 മെയ്ഡ് ഇൻ ഇന്ത്യ വെന്റിലേറ്ററുകളും വാങ്ങി. പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാർ ഇല്ലാത്തതിനാൽ ഈ വെന്റിലേറ്ററുകൾ തകരാറ് സംഭവിക്കുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തതായും റിപ്പോർട്ട് പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ 162 ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 201.58 കോടി രൂപയും ചെലവിട്ടു. കോവിഡ് പരിശോധനയ്ക്കായി സർക്കാർ ലാബുകൾ വികസിപ്പിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കോവിഡിനെ തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിച്ച കുടിയേറ്റ വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പിഎം കെയർ ഫണ്ടിൽനിന്ന് ചെലവഴിച്ചത് 1,000 കോടി രൂപമാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button