കൊച്ചി: പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍. കൃത്യമായ വേതനം നല്‍കാതെ കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
2015 മുതല്‍ ഇവര്‍ക്ക് വേതന വര്‍ധന ഉണ്ടായിട്ടില്ല. അടിക്കടിയുള്ള ഇന്ധന വില വര്‍ധനയും കൊവിഡ് പ്രതിസന്ധിയും ഓണ്‍ലൈന്‍ ടാക്‌സി മേഖലയെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിനിടയിലാണ് കമ്പനിയുടെ ചൂഷണവും. മൂവായിത്തോളം ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ ആണ് കൊച്ചിയില്‍ ഉള്ളത്.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. വാഹനത്തിന്റെ ലോണ്‍ അടയ്ക്കാന്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആദ്യപടിയായി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.