299 രൂപയുടെ വസ്ത്രം ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമം; നഴ്‌സിന് നഷ്ടമായത് ഒരു ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈനായി 299 രൂപയുടെ വസ്ത്രം വാങ്ങാന്‍ ശ്രമിച്ച നഴ്സിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനാണ് ഇത്രയും പണം നഷ്ടമായത്. ഫേസ്ബുക്കില്‍ 299 രൂപയെന്ന് പരസ്യം ചെയ്ത വസ്ത്രം വാങ്ങാന്‍ ശ്രമിച്ച നഗരത്തിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന നഴ്സിനാണ് പണം നഷ്ടമായത്. ഏപ്രില്‍ 16നും 20നും ഇടയിലാണ് പണം നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഫേസ്ബുക്കില്‍ 299 രൂപയെന്ന് പരസ്യം ചെയ്ത വസ്ത്രം ഇഷ്ടപ്പെട്ടതോടെ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് പണം നഷ്ടമായതെന്നും യുവതി പരാതിയില്‍ പറയുന്നു. ആദ്യം വസ്ത്രത്തിന്റെ പണം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഷിപ്പിങ് ചാര്‍ജുകള്‍, ജിപിഎസ് ചാര്‍ജുകള്‍, ട്രാക്കിങ് ഫീസ്, വെരിഫിക്കേഷന്‍ കോഡുകള്‍, വിലാസം സ്ഥിരീകരണം തുടങ്ങിയ വിവിധ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം തട്ടിയെടുത്തതായി യുവതി പരാതിയില്‍ പറയുന്നു. അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷം രൂപ അയച്ചതായും, ബാക്കി പണം തിരികെ ലഭിക്കുമെന്നും ഓര്‍ഡര്‍ ലഭിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നതായും നഴ്സ് പറയുന്നു.

വസ്ത്രവും പണവും ലഭിക്കാതായതോടെ നഴ്സ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഫേസ്ബുക്ക് പരസ്യം, വാട്‌സാപ് നമ്പര്‍, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News