മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ തന്നെ വിവിധ മൂലകങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ള എരിയുന്ന അകക്കാമ്പുള്ള ഗ്രഹമാണ് ഭൂമി. കൂടാതെ, ഭൂമി ഒരു ആവാസകേന്ദ്രമാണെങ്കിലും ശാസ്ത്രീയമായി ഗ്രഹം തന്നെയാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഭൂമി മറ്റേതൊരു ഗ്രഹത്തെയും പോലെ എരിഞ്ഞു തീരും. ഉള്ളിലെ തീ എരിഞ്ഞു തീരുന്നതോടെ ഭൂമിയുടെ ഘടനയും ആകെ മാറും. അങ്ങനെ ഒരിക്കല്‍ ഭൂമി ഇന്നുള്ള ജീവന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ജീവനറ്റ ഗ്രഹമായി മാറും. പക്ഷെ ഇത് എന്ന് സംഭവിക്കുമെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്കാന് ഇന്നുള്ള സാങ്കേതിക വിദ്യകളും പഠനങ്ങളും പര്യാപ്തമായിട്ടില്ല.
അതെ സമയം, ഈ വിഷയത്തില്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ മറ്റൊരു നിര്‍ണായക വിവരം പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഒരു ഭാഗം അതിവേഗത്തില്‍ തണുക്കുന്നു എന്നതാണ് ആ കണ്ടെത്തല്‍. കഴിഞ്ഞ 400 മില്യണ്‍ വര്‍ഷത്തിനിടയില്‍ ഭൂമിയില്‍ സംഭവിച്ച മാറ്റങ്ങളിലൂടെ ഉണ്ടായ അസന്തുലിതാവസ്ഥയാണ് ഇപ്പോഴത്തെ ഒരു ഭൂഭാഗത്തിന്റെ താപനിലയിലുണ്ടായ കുറവിന് കാരണം.
ഭൂമിയുടെ പുറം കാമ്പിലുണ്ടായ മാറ്റത്തില്‍ ഒട്ടേറെ തവണ വിവിധ കരമേഖലകള്‍ രൂപപ്പെടുകയും സമുദ്രങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഇവയുടെ രൂപവും സ്ഥാനവും മാറി. ഈ മാറ്റങ്ങളെല്ലാം ഭൂമിയിലെ ഒരു ഹെമിസ്ഫിയറിന്റെ ഇന്സുലേഷന് അഥവാ താപം പിടിച്ചുനിര്‍ത്താനുള്ള ശേഷി വര്‍ധിച്ചപ്പോള്‍ മറ്റൊരു താപ ശോഷണത്തിലേക്കാണ് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.
എരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ അന്തര്‍ഭാഗം അഥവാ ക്രസ്റ്റില്‍ നിന്ന് റേഡിയോ ആക്ടീവ് വികിരണങ്ങളായാണ് ചൂട് ഭൂമിയുടെ മേല്‍ത്തട്ടിലേക്കെത്തുന്നത്. ഈ താപവികിരണം നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതില്‍ ഉള്ളിലൂടെ താപത്തേക്കാള്‍ ഉയര്‍ന്ന താപം മുകള്‍ത്തട്ടിലേക്ക് എത്തിത്തുടങ്ങിയാല്‍ അതിനര്‍ത്ഥം ഭൂമി തണുക്കാന്‍ തുടങ്ങി എന്നാണ്. അതായത് ഭൂമിയുടെ ചൂട് നഷ്ടപ്പെടുകയും അത് മറ്റു പല ഗ്രഹങ്ങളെയും പോലെ തണുത്തുറഞ്ഞ ഒരു ജീവനില്ലാത്ത ഗ്രഹമായി മാറുകയും ചെയ്യും.
ഗവേഷകര്‍ സമുദ്രപാളികളുടെ മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. രണ്ട് ആര്‍ധങ്ങളായാണ് ഭൂമിയെ ശാസ്ത്രം വിഭജിച്ചിരിക്കുന്നത്. ദക്ഷിണാര്‍ധവും ഉത്തരാര്‍ധവും. ഇതില്‍ ഉത്തരാര്‍ധത്തില്‍ കരമേഖലയാണ് കൂടുതല്‍. ദക്ഷിണാര്‍ധത്തില്‍ സമുദ്രമേഖലയും. അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രസ്റ്റില്‍ നിന്ന് പുറത്തേക്ക് വരുന്ന ചൂടിനെ തടഞ്ഞ് നിര്‍ത്തുന്നതില്‍ ഉത്തരാര്‍ധമാണ് ഒരു പടി മുന്നിലുള്ളത്. സ്വാഭാവികമായി സമുദ്രമേഖല കൂടുതലുള്ള ഉത്തരാര്‍ധത്തില്‍ ചൂട് കൂടുതല്‍ പുറത്തേക്ക് പോകുകയും ക്രമേണ ഈ മേഖലയിലെ ഉള്ളിലെ ചൂടിന്റെ അളവ് താരതമ്യേനെ കുറഞ്ഞു വരികയും ചെയ്തു.
ഈ രണ്ട് അര്‍ധങ്ങള്‍ക്ക് പുറമെ, ഗവേഷകര്‍ ചെറിയ വിഭാഗങ്ങളായി തിരിച്ചും ഭൂമിയുടെ ഇന്‍സുലേഷനെ കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇതില്‍ പസഫിക് മേഖലയാണ് ഏറ്റവും കൂടുതല്‍ ഉള്ളില്‍ നിന്നുള്ള ചൂട് പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നതെന്ന് കണ്ടെത്തി. സ്വാഭാവികമായും ഏറ്റവും വിപുലമായി വ്യാപിച്ച് കിടക്കുന്ന ആഫ്രിക്കന്‍ പ്ലേറ്റ് മേഖലയാണ് ഏറ്റവും ഉയര്‍ന്ന ഇന്സുലേഷന് സ്വഭാവം കാണിക്കുന്നതെന്നും ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി.