തിരുവനന്തപുരം: ഹോളി ആഘോഷത്തിരക്ക് കണക്കിലെടുത്ത് കേരളത്തിൽനിന്ന് ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. കൊച്ചുവേളിയിൽ നിന്ന് ഡാനാപൂരിലേക്കാണ് പ്രതിവാര ട്രെയിൻ സർവീസ് നടത്തുക. മാർച്ച് 19, 26, ഏപ്രിൽ 2 തീയതികളിലാ (ചൊവ്വാഴ്ച)ണ് കൊച്ചുവേളിയിൽ നിന്ന് ഡാനാപൂരിലേക്ക് ട്രെയിൻ സർവീസ് നടത്തുക. മടക്കയാത്ര മാർച്ച് 22, 29, ഏപ്രിൽ 5 വെള്ളിയാഴ്ചകളിലും സർവീസ് ആരംഭിക്കും. ആറ് സർവീസുകളുടെയും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 06183 കൊച്ചുവേളി – ഡാനാപൂർ വീക്ക്ലി സ്പെഷ്യൽ ട്രെയിൻ ചൊവ്വാഴ്ചകളിൽ പുലർച്ചെ 04:15നാണ് സർവീസ് ആരംഭിക്കുക. മൂന്നാം ദിവസം വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഡാനാപൂരിൽ എത്തിച്ചേരും. കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കേരളത്തിൽ കൊല്ലം 05:20, കോട്ടയം 07:40, എറണാകുളം ടൗൺ 09:35, ആലുവ 10:02, തൃശൂർ 11:02, പാലക്കാട് 01:00 എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. തുടർന്ന് കോയമ്പത്തൂർ, തിരുപ്പൂർ, സേലം, വിജയവാഡ, രാജമുണ്ട്രി, റാഞ്ചി, പറ്റ്ന തുടങ്ങിയ സ്റ്റേഷനുകൾ പിന്നിട്ടാണ് ഡാനാപൂരിലെത്തുക.
മടക്കയാത്ര 06184 ഡാനാപൂർ – കൊച്ചുവേളി സർവീസ് വെള്ളിയാഴ്ച രാത്രി 10:25നാണ് ആരംഭിക്കുക. തുടർന്ന് നാലാദിനം തിങ്കളാഴ്ച രാവിലെ 07:30ന് കൊച്ചുവേളിയിലെത്തും. കേരളത്തിൽ ഞായറാഴ്ച രാത്രി 11:42നാണ് ട്രെയിൻ പാലക്കാട് എത്തുക. തുടർന്ന് തൃശൂർ 12;55, ആലുവ 01:50, എറണാകുളം ടൗൺ 02:30, കോട്ടയം 03:30, കൊല്ലം 05:20 സ്റ്റേഷനുകൾ പിന്നിട്ട് കൊച്ചുവേളിയിലെത്തും.
കേരളത്തിലെ ഏഴെണ്ണം ഉൾപ്പെടെ 34 സ്റ്റേഷനുകളിലാണ് സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകളനുവദിച്ചിരിക്കുന്നത്. സ്പെഷ്യൽ ട്രെയിനിന് എസി കമ്പാർട്മെന്‍റുകൾ ഇല്ല. 20 സ്ലീപ്പർ ക്ലാസ് കോച്ചുകളും രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനുള്ളത്. കൊച്ചുവേളിയിൽ നിന്ന് ഡാനാപൂരിലേക്ക് 1110 രൂപയാണ് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിരക്ക്.
നേരത്തെ ഹോളി തിരക്ക് കണക്കിലെടുത്ത് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്കും രണ്ട് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു.ഹോളി കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേയുടെ നോർത്ത് ഡിവിഷൻ 15 പ്രത്യേക ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ റെയിൽവേ മാർച്ച് മാസത്തിൽ 112 ഹോളി സ്പെഷ്യൽ ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.