ആശങ്ക വര്‍ധിക്കുന്നു; ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കുകൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറയില്‍ കഷായപ്പടിയിലുള്ള ഒന്നര വയസുകാരനാണു ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടീരിയ്ക്കു സമാനമായ ബാക്ടീരിയ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു കുട്ടിക്കു രോഗം സ്ഥിരീകരിക്കുന്നത്.

ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത ഇടത്തില്‍ നടത്തിയ പരിശോധനയിലാണു വൈറസ് കണ്ടെത്തിയത്. അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വെള്ളത്തിലൂടെയാണു ഷിഗെല്ല പടര്‍ന്നതെന്നു കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്.

കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിക്കുന്നത്. ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറു പേര്‍ക്കുകൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണു രോഗ വ്യാപനമുണ്ടായതെന്നാണു നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News