News

ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് അനധികൃതമായി വില്‍പ്പന; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് അനധികൃതമായി വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. സ്വന്തം വീട്ടില്‍ വച്ച് തന്നെയായിരുന്നു കച്ചവടം. അനില്‍ കുമാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 48 സിലിണ്ടറുകളും പോലീസ് പിടിച്ചെടുത്തു.

32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് ഡല്‍ഹി പോലീസ് പിടിച്ചെടുത്തത്. വ്യാവസായിക ഓക്‌സിജന്‍ വില്‍ക്കുന്ന കച്ചവടമാണ് തനിക്ക് എന്ന് അവകാശപ്പെട്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.

51കാരനായ ഇയാള്‍ 12,500 രൂപയ്ക്കാണ് ചെറിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിറ്റഴിച്ചുകൊണ്ടിരുന്നത്. വലിയ സിലിണ്ടറുകളില്‍ നിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഓക്‌സിജന്‍ മാറ്റിയായിരുന്നു വില്പന. പിടിച്ചെടുത്ത സിലിണ്ടറുകള്‍ പോലീസ് ശനിയാഴ്ച ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ മഹാനഗരങ്ങളിലടക്കം പലയിടങ്ങളിലും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയിലെ ഗംഗാറാം അശുപത്രിയില്‍ പ്രാണവായു കിട്ടാതെ 25 രോഗികള്‍ മരിച്ചിരുന്നു

ഡല്‍ഹി ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. നോയിഡ കൈലാഷ് ആശുപത്രിയില്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തി

വിവിധ ആശുപത്രികള്‍ തങ്ങള്‍ക്ക് മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനുള്ള ഓക്‌സിജന്‍ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഓസ്‌കിജന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ശാന്തിമുകുന്ദ് ആശുപത്രിയില്‍ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പല ആശുപത്രികളും ഓക്‌സിജന്‍ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഉത്തരവു നല്‍കിയിട്ടുണ്ട്.ഡല്‍ഹി ആശുപത്രികളിലെ കിടക്കകള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇനി ആകെ 29 ഐസിയുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലൊന്നില്‍ പോലും ഒരു കൊവിഡ് കിടക്ക പോലും ഒഴിവില്ല.

രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ നിര്‍മാണത്തിനായി പ്ലാന്റുകള്‍ എത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം നടപടിയാരംഭിച്ചു.ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ ആകാശ മാര്‍ഗം ഇന്ത്യയിലെത്തിക്കും. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ രാജ്യം ഓക്സിജനില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അടിയന്തര തീരുമാനം.

ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2400 ലിറ്റര്‍ വരെയും ഓക്സിജന്‍ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് (എഎഫ്‌എംഎസ്) ആശുപത്രികളിലായിരിക്കും പ്ലാന്റുകള്‍ സ്ഥാപിക്കുകയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷണ്‍ ബാബു അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സേനകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കകം പ്ലാന്റുകള്‍ രാജ്യത്തെത്തുമെന്നാണു കരുതുന്നത്. തയാറെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ വ്യോമസേനയുടെ വിമാനം ജര്‍മനിയില്‍നിന്ന് പ്ലാന്റുകള്‍ ഇന്ത്യയിലെത്തിക്കും. വിദേശത്തുനിന്ന് കൂടുതല്‍ പ്ലാന്റുകള്‍ കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പുതിയ കോവിഡ് ആശുപത്രികള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കല്‍, നിലവിലുള്ളവയുടെ ആവശ്യങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഓക്സിജന്‍ സംഭരണികള്‍, സിലിണ്ടറുകള്‍, അവശ്യ മരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയവ വ്യോമമാര്‍ഗം വിതരണം ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button