നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റേത് കൊലപാതകം; ശരീരത്തില്‍ സിഗരറ്റ് പൊള്ളലുകളും ക്രൂരമര്‍ദ്ദനത്തിന്റെ പാടുകളും! ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍; അമ്മയും പങ്കാളിയും കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയുടെ പങ്കാളിയും രണ്ടാനച്ഛനുമായ അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദാണ് കഴിഞ്ഞ ദിവസം ദൂരുഹ സാഹചര്യത്തില്‍ മരിച്ചത്. ചോറ് കൊടുക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദ്ദിച്ചെന്നും ആഹാരം തൊണ്ടയില്‍ കുടുങ്ങിയതാണെന്നുമാണ് അഷ്‌കര്‍ പൊലീസിനോടും ആശുപത്രി അധികൃതരോടും പറഞ്ഞിരുന്നത്.

എന്നാല്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ മരണവിവരത്തിന് പിന്നാലെ നടത്തിയ ഇന്‍ക്വസ്റ്റ് പരിശോധനയിലാണ് കടുത്ത ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ ദിവസങ്ങളോളം പഴക്കമുള്ള അതിക്രൂരമായ മര്‍ദ്ദനത്തിന്റെ പാടുകള്‍ പൊലീസ് കണ്ടെത്തി. ഇതോടെയാണ് അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. സംഭവസമയം തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരുന്ന കുട്ടിയുടെ മാതാവ് അഖിലയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

കുഞ്ഞിന്റെ മരണത്തില്‍ ആദ്യമേ തന്നെ ദുരൂഹത ആരോപിച്ച് അമ്മൂമ്മയും കുട്ടിയുടെ സ്വന്തം പിതാവിന്റെ അച്ഛനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. അഷ്‌കര്‍ കുഞ്ഞിനെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും അമ്മ അഖില കുഞ്ഞിനെ ഒട്ടും ശ്രദ്ധിക്കാറില്ലായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയിലുള്ളത്.

ഒരു മാസം മുന്‍പ് ഇയാള്‍ കുട്ടിയുടെ കൈ തല്ലിയൊടിച്ചതായും പരാതിയിലുണ്ട്. കുട്ടിയുടെ ഇരുകൈകളിലും പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അന്ന് കുട്ടി കളിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റതാണെന്നായിരുന്നു അഷ്‌കറും അഖിലയും ബന്ധുക്കളോട് പറഞ്ഞിരുന്നത്. രണ്ടു ദിവസമായി കടുത്ത പനിയുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചിരുന്നതായും വിവരമുണ്ട്.

ആഹാരം തൊണ്ടയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്ന് തങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ഭയപ്പെടുത്തുന്നതാണെന്ന് അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ പിതാവായ സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തില്‍ സിഗരറ്റ് വെച്ച് പൊള്ളല്‍ ഏല്‍പ്പിച്ചതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അഷ്‌കര്‍ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുഞ്ഞിന്റെ മൃതദേഹം നിലവില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുമെന്നും അതിനുശേഷം വിശദമായ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത അന്വേഷണ നടപടികളിലേക്ക് കടക്കുമെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News