ആലപ്പുഴ: മാന്നാറിൽ ഗൾഫിൽ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മാന്നാർ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പിടിയിലായത് തട്ടികൊണ്ടുപോകൽ സംഘത്തിൽ ഉൾപ്പെട്ടയാളല്ലെന്നും തട്ടികൊണ്ടുപോകൽ സംഘത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ആളാണെന്നും പോലീസ് പറയുന്നു. അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തത് പീറ്ററാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിൽ ദുബായിൽ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോൾ ഒന്നരക്കിലോ സ്വർണം കൊണ്ടുവന്നിരുന്നു. പിടിക്കെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിക്കുകയാണെന്നും ഇവർ അന്വേഷണസംഘത്തിന് മൊഴി നൽകി.
തിങ്കളാഴ്ച പുലർച്ചെ മാന്നാറിലെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ടത്. യുവതിയെ ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞു. അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകി. ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.