ദൃശ്യം -2ലെ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികൾ; ഹൈന്ദവസംസ്കാരം നശിപ്പിക്കുന്നു’; ദൃശ്യം 2 സിനിമയ്ക്കെതിരെ വിദ്വേഷ ട്വീറ്റുകൾ
കൊച്ചി:മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ട് ഒരു ആഴ്ച പോലും കഴിഞ്ഞില്ല. അതിനു മുമ്പേ തന്നെ കേരളത്തിന്റെ അതിർത്തികൾ വിട്ട് പടം ഹിറ്റ് ആയി കഴിഞ്ഞു. വിമർശനങ്ങളും റിവ്യൂകളും മലയാളത്തിൽ നിന്ന് മാത്രമല്ല, അന്യഭാഷകളിലെ ആരാധകരിൽ നിന്ന് പോലും എത്തിക്കഴിഞ്ഞു.
ഇതിനിടയിലാണ് ദൃശ്യം 2നെതിരെ വിദ്വേഷ ട്വീറ്റുമായി ചിലർ രംഗത്ത് എത്തിയിരിക്കുന്നത്. ദൃശ്യം രണ്ട് സിനിമയിൽ തൊണ്ണൂറ് ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്കാരത്തെ നശിപ്പിക്കുകയാണ് ഇതെന്നുമാണ് ട്വിറ്ററിൽ ചില വർഗീയ വാദികളുടെ ട്വീറ്റ്. ജയന്ത എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഇത്തരത്തിലൊരു ട്വീറ്റ് വന്നിരിക്കുന്നത്.
‘# ദൃശ്യം 2 കണ്ടു, ഇതിൽ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. നമ്മുടെ സ്വന്തം സംസ്കാരത്തെ നമ്മുടെ സ്വന്തം കൈകൊണ്ട് നശിപ്പിക്കുന്ന നമ്മൾ ഹിന്ദുക്കളാണോ?’ – ഇങ്ങനെയാണ് ജയന്ത എന്ന അക്കൗണ്ടിൽ നിന്നുള്ളയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇതിനെ പിന്തുണച്ചും ഇതിനെ എതിർത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
Just watched #Drushyam2 and it's 90% characters are Christians. Are we Hindus so gullible that it's we destroy our own culture with our own Hand ?
— Jayanta (ଜୟନ୍ତ) (@mohapatraj) February 21, 2021
ഇസ്ലാം ബോളിവുഡ് പിടിച്ചടക്കിയതു പോലെ തമിഴ് സിനിമാ വ്യവസായ ലോകം ക്രിസ്ത്യാനികൾ പിടിച്ചടക്കിയെന്ന് ആയിരുന്നു ഒരാളുടെ മറുപടി. അതേസമയം, ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ ഇനി സിനിമകൾ കാണരുതെന്നും അല്ലാത്ത പക്ഷം നിങ്ങൾ സ്വന്തമായി ഒരു സിനിമാ വ്യവസായ ലോകം ആരംഭിക്കാനുമാണ് ഒരാൾ മറുപടി നൽകിയിരിക്കുന്നത്.
അതേസമയം, ദൃശ്യത്തിൽ ജോർജു കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ഹിന്ദുവാണെന്നും ബി ജെ പിയെ പിന്തുണയ്ക്കുന്ന ആളാണെന്നും ഒരാൾ വ്യക്തമാക്കി കൊടുക്കുന്നുണ്ട്. തൊടുപുഴ ക്രിസ്ത്യൻ മേഖലയാണെന്നും അതുകൊണ്ടാണ് കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ ആയതെന്നും വിശദീകരിച്ചു കൊടുക്കുന്നു ഇയാൾ.
അതേസമയം, ഇത്തരത്തിൽ ഒരു ട്വീറ്റ് കണ്ടതിൽ വിഷമമുണ്ടെന്നും ഇവിടെ ഇന്ത്യക്കാർ ആരെങ്കിലും ബാക്കിയുണ്ടോ എന്നുമായിരുന്നു ഒരു മറുപടി ട്വീറ്റ്. അതേസമയം, ജോർജുകുട്ടിക്ക് എതിരെ കേസ് ഫയൽ ചെയ്യാനാണ് ഒരാൾ നിർദ്ദേശിച്ചിരിക്കുന്നത്. ഹൈന്ദവരായ പ്രഭാകറിന്റെയും ഗീതയുടെയും മകനായ ഹിന്ദുവായ വരുണിനെ ആണ് ജോർജുകുട്ടി കൊന്നതെന്നും വരുണിന്റെ മാതാപിതാക്കൾ ഇതുവരെ മകന്റെ അന്ത്യകർമങ്ങൾ ചെയ്തിട്ടില്ലെന്നും ഇയാൾ മറുപടി നൽകുന്നു.
കേരള സർക്കാർ ഒരു ക്രിസ്ത്യാനിയായ പൊലീസുകാരനാണ് ഈ കേസ് അന്വേഷിക്കാൻ നൽകിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ക്രിസ്ത്യാനികൾ എല്ലാവരും ചേർന്ന് ഈ കേസ് മൂടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിവരം അറിയിക്കാനാണ് മറ്റൊരാൾ നിർദ്ദേശിച്ചിരിക്കുന്നത്.