കോട്ടയം: കളത്തിപ്പടിയിലെ പ്രമുഖ സ്വകാര്യ ബാങ്കിൽ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളിൽ നിന്നും ഒന്നര കോടിയിൽ പരം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഏറികാട് ഭാഗത്ത് മന്നാപറമ്പിൽ വീട്ടിൽ റെജി ജേക്കബ് (41) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കളത്തിപ്പടയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കിൽ മാനേജരായി ജോലി ചെയ്തു വന്നിരുന്ന ഇയാൾ വിദേശത്തായിരുന്ന ഇപ്പോൾ കളത്തിപ്പടിയിൽ താമസിച്ചുവരുന്ന ഈ ബാങ്കില്‍ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളിൽ നിന്നും ഒരുകോടി 62 ലക്ഷത്തി 25,000 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
മുൻപ് ഇതേ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിലെ മാനേജർ ആയിരുന്ന ഇയാൾ ഈ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ വിദേശത്ത് താമസിച്ചു വന്നിരുന്ന ഇവരുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചിരുന്നു.
തുടർന്ന് കളത്തിപ്പടി ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഇയാൾ ഇവിടെയിരുന്ന കാലയളവിൽ വിദേശത്തുനിന്നും നാട്ടിലെത്തിയ ഇവര്‍ വിദേശത്തുള്ള മക്കൾക്ക് പണം അയക്കുന്നതിനുവേണ്ടി മാനേജരെ സമീപിക്കുകയും, ഇയാള്‍ ബാങ്കിന്റേതായ വിവിധ കാരണങ്ങൾ പറഞ്ഞ് ഇവരില്‍നിന്നും ചെക്കുകളും, ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും മറ്റും കൈക്കലാക്കുകയായിരുന്നു.
ഇത് ദുരുപയോഗപ്പെടുത്തി ഏറ്റുമാനൂർ, കളത്തിപ്പടി എന്നീ ബ്രാഞ്ചുകളിൽ ഉള്ള ഇവരുടെ അക്കൗണ്ടുകളിൽ നിന്നും, 2021 മുതൽ 2023 വരെ ഉള്ള കാലയളവിൽ പലതവണകളായി ഒരുകോടി 62 ലക്ഷത്തി 25,000 രൂപ റെജി ജേക്കബിന്റെ സുഹൃത്തുക്കളുടെയും, മറ്റും അക്കൗണ്ടുകളിലേക്ക് അയച്ച് ദമ്പതികളെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് ദമ്പതികൾ ബാങ്കിനെ സമീപിക്കുകയും ബാങ്ക് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ 22 ലക്ഷം രൂപ ദമ്പതികൾക്ക് തിരികെ നൽകിയിരുന്നു.
ബാക്കി തുക നൽകാതെ ഇയാൾ ഇവരെ കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ ദിലീപ് കുമാർ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്, വിബിൻ, അജേഷ്, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.