തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ അരലക്ഷത്തോളം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്. കിറ്റുകളിലെ ഇനങ്ങടെ ലഭ്യതയാണ് കിറ്റ് വിതരണത്തിൽ തിരിച്ചടിയാകുന്നത്.
മിൽമയുടെ പായസം മിക്സ് ലഭിക്കാത്തതാണ് കിറ്റ് വിതരണത്തിൽ തിരിച്ചടിയാകുന്നത്. ഇതിന് പകരം കൂടുതൽ വിലയില്ലാത്ത മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ നിർദേശം നൽകി. കറിപ്പൊടികൾ ലഭിക്കാത്ത സ്ഥലങ്ങളിലും മറ്റ് കമ്പനികളുടെ പൊടികൾ വാങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. കിറ്റ് വിതരണത്തിൽ മുൻപ് തടസമായിരുന്ന മിൽമയുടെ നെയ്യ് എല്ലായിടത്തും എത്തിച്ചു.
ഓണക്കിറ്റ് വിതരണം വൈകുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ഇത്തരത്തിൽ നീക്കം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ അയ്യായിരത്തോളം ഓണക്കിറ്റുകൾ വിതരണം ചെയ്തു. കോട്ടയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു.
ഓണത്തിന് ദിവസങ്ങൾ മാത്രമുള്ളതിനാൽ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നാളെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. വൈകാതെ കിറ്റ് വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് ലഭിക്കുക.
6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.