വടകര:കഴിഞ്ഞ ദിവസം നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലൂടെ നിരവധി പേരെയാണ് ഭാഗ്യം തേടിയെത്തിയത്. ഈ അവസരത്തിൽ കൂട്ടമായെടുത്ത ടിക്കറ്റിന് ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ ലഭിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വടകര എസ് പി ഓഫീസിലെ അഞ്ച് പൊലീസുകാർക്കാണ് ഭാഗ്യം കൈവന്നത്.
അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഈ പൊലീസുകാരിപ്പോൾ. അഞ്ച് പേർ ചേർന്ന് ഷെയറിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇവർ പ്രതികരിച്ചു. ആറ് കോടി രൂപയാണ് ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം ആറ് പേർക്കാകും ലഭിക്കുക.
“അടുത്തുള്ളൊരു കച്ചവടക്കാരനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. അസുഖമായി കിടന്ന ഇദ്ദേഹം ഒത്തിരി നാളുകൾക്ക് ശേഷമാണ് കച്ചവടത്തിനിറങ്ങിയത്. ടിക്കറ്റുകളൊക്കെ ബാക്കിയാണ് നിങ്ങൾ എന്തെങ്കിലും എടുക്കണമെന്ന് അയാൾ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ അഞ്ച് പേർ ചേർന്ന് ലോട്ടറി എടുക്കുന്നത്” എന്ന് പൊലീസുകാർ പറയുന്നു.
ട്വിസ്റ്റുകൾക്കൊടുവിൽ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ ട്വിസ്റ്റ്.
തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജൻസിയിൽ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലൻ ടിക്കറ്റെടുത്തത്.പത്താം തിയ്യതിയാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലൻ പറഞ്ഞു