മൂന്നാർ:ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽനിന്ന് മടങ്ങുംവഴി വനത്തിൽ കുടുങ്ങിയ യു.എൻ. ഉദ്യോഗസ്ഥനെയും കുടുംബത്തെയും ഒൻപതു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
യു.എൻ-ന്റെ കീഴിലുള്ള ഇൻറർനാഷനൽ ഹ്യൂമൻ റൈറ്റസ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ചീഫ് കോ-ഓർഡിനേറ്റർ നവാബ് വാഹിദ്, ഭാര്യ നെയ്മ, അടുത്ത ബന്ധുവായ യുവതി എന്നിവരാണ് ശനിയാഴ്ച രാത്രി ദേവികുളത്തിന് സമീപമുള്ള കുറ്റ്യാർവാലിയിലെ വനമേഖലയിൽപെട്ടത്. തൃശ്ശൂർ പുഴയ്ക്കൽ സ്വദേശിയാണ് നവാബ് വാഹിദ്.
ഔദ്യോഗിക ആവശ്യത്തിനായി മൂന്നാറിലെത്തിയ ഇവർ ഗൂഗിൾ മാപ്പ് നോക്കി മടങ്ങുമ്പോൾ വഴിതെറ്റി വനത്തിൽപ്പെട്ട ഇവരുടെ വാഹനം ചെളിയിൽ പുതഞ്ഞു പോകുകയുമായിരുന്നു.
വന്യജീവികൾ ഏറെയുള്ള കാട്ടിൽ ഗർഭിണിയായ ഭാര്യയുമായി കുടുങ്ങിയ നവാബ് വാഹിദ് എമർജൻസി നമ്പരായ 101-ൽ വിവരമറിയിച്ചു. തുടർന്ന് മൂന്നാർ അഗ്നിരക്ഷാസേനാംഗങ്ങൾ മേഖലയിൽ തിരച്ചിലാരംഭിച്ചു. ദേവികുളം, ലക്കാട്, മാനില, മാട്ടുപ്പട്ടി എന്നിവടങ്ങളിലെ എസ്റ്റേറ്റുകളിലും വനത്തിലും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയില്ല. പുലർച്ചെ 5.20-ന് ദേവികുളം റോഡിൽനിന്നു ഗൂഡാർവിള റോഡിലൂടെ കടന്നുപോയ അഗ്നിരക്ഷാസേനാ വാഹനത്തിന്റെ ബ്ലിങ്കർ ലൈറ്റ് കണ്ടതോടെ നവാബ് നിർത്താതെ ഹോൺ മുഴക്കി.
ഇതോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വാഹനത്തിനുള്ളിൽ കഴിഞ്ഞിരുന്നവരെ പുറത്തെത്തിച്ചശേഷം ചെളിയിൽ പുതഞ്ഞുകിടന്ന വാഹനം പൊക്കിമാറ്റി.
മൂന്നാർ അഗ്നിരക്ഷാസേനാ യുണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ എ.ഷാജി ഖാൻ, സീനിയർ ഫയർ ഓഫീസർമാരായ കെ.തമ്പിദുരെ, വി.കെ. ജീവൻ കുമാർ, ഫയർ ഓഫീസർമാരായ വി.കെ. ജീവൻ കുമാർ, വി.ടി.സനീഷ്, അജയ് ചന്ദൻ, ആർ.രാജേഷ്, എസ്.വി.അനൂപ്, ഡാനി ജോർജ്, കെ.എസ്.കൈലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.