തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ (Omicron) തരംഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഒമിക്രോണ്‍ – ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം എന്ന് കെജിഎംസിടിഎ (KGMCTA) ആവശ്യപ്പെട്ടു. പേറിഫറൽ ആശുപത്രികൾ ചികിത്സയ്ക്കായി ശക്തിപ്പെടുത്തണമെന്നും പൊതുജനങ്ങൾക്ക് ഇടയിൽ സർവയലൻസ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
കൊവിഡ് പകർച്ചവ്യാധി ഇതിനകം തന്നെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് കനത്ത വെല്ലുവിളി ആയിട്ടുണ്ട്. താറുമാറായ നോൺ കൊവിഡ് ചികിത്സകളും മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണങ്ങളും കരകയറി വരുന്ന അവസ്ഥയിലാണ് ഒമിക്രോൺ വെല്ലുവിളി സൃഷ്ടിക്കുന്നത്. മെഡിക്കൽ കോളജുകളെ വീണ്ടും കൊവിഡ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പാവപെട്ട ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിയിടുന്നതിനും മരണവർദ്ധനവിന് ഇടയാക്കുകയും ചെയ്യുമെന്ന് കെജിഎംസിടിഎ ആശങ്കപ്പെടുന്നു.
ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജുകളിൽ അനുയോജ്യമായ രോഗി പരിചരണവും അക്കാദമിക് പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കെജിഎംസിടിഎ മുന്നോട്ടുവെച്ചത്.
1. മൾട്ടിഡിസിപ്ലിനറി ക്രിട്ടിക്കൽ കെയർ ആവശ്യമുള്ള കോവിഡ് കേസുകൾ മാത്രമേ മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കേണ്ടതുള്ളൂ. ബാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്, ഇനിപ്പറയുന്നവ ഉറപ്പാക്കേണ്ടതാണ്
• പെരിഫെറൽ ആശുപത്രികൾ ശക്തിപ്പെടുത്തണം.
ജില്ലാ ആശുപത്രികളിലെ ഐസിയുകളും മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഓൺലൈൻ പിന്തുണയോടെ ഉപയോഗിക്കണം.
• ഹോംകെയർ ശക്തിപ്പെടുത്തണം
• ടെലിമെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തണം
2. മെഡിക്കൽ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പിജി വിദ്യാർത്ഥികൾക്ക് , കഴിഞ്ഞ രണ്ട് വർഷം അവരുടെ കോഴ്സ് ദൈർഘ്യത്തിന്റെ ഗണ്യമായ അനുപാതം (2/3 വരെ) നഷ്ടപ്പെട്ടിട്ടുണ്ട് . ആവശ്യത്തിന് പരിശീലനം ലഭിക്കാതെയായിരിക്കും അവർ പുറത്തിറങ്ങുന്നത് ., ഇത് ഒരു മെഡിക്കൽ ദുരന്തത്തിന് കാരണമാകും. മെഡിക്കൽ കോളേജുകളിലെ കോവിഡ് ഇതര സേവനങ്ങൾ ഒരുരീതിയിലും വിട്ടുവീഴ്ച ചെയ്യരുത്.
3. സിഎസ്ടിഎൽസി, സിഎഫ്ടിഎൽസി എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജ് ഫാക്കൽറ്റികളെ പോസ്റ്റ് ചെയ്യരുത്.
4. അനാവശ്യമായ റെഫറലുകൾ മെഡിക്കൽ കോളേജിലേക്ക് ഉണ്ടാകാതിരിക്കാൻ റെഫറൽ ഡിഎസ്ഒ, ജിഎച്ച് അല്ലെങ്കിൽ ടിഎച്ച്ക്യുകളിലൂടെ ആയിരിക്കണം , ശക്തമായ ബാക്ക് റെഫറൽ സിസ്റ്റവും ആവശ്യമാണ്.
5. ടെസ്റ്റിംഗിന്റെ എണ്ണം കൂടുതലായിരിക്കാൻ പോകുന്നതിനാൽ ആന്റിജൻ ടെസ്റ്റിംഗ് പുനരാരംഭിക്കുന്നത് പരിഗണിക്കണം
6. കമ്മ്യൂണിറ്റി തലത്തിൽ ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുടെ സർവൈലൻസ് നടത്തണം
സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ട നോൺ കൊവിഡ് ചികിത്സകൾ ലഭിക്കാതിരുക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനും മെഡിക്കൽ വിദ്യാഭ്യാസം താറുമാറാകാതിരിക്കാനും ഉള്ള നടപടികൾ എത്രെയും വേഗം എടുക്കണം എന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.