ഒമിക്രോണ്‍: രാജ്യത്ത് ആറ് എയര്‍പോര്‍ട്ടുകളില്‍ RTPCR നിര്‍ബന്ധം; മുന്‍കൂട്ടി ബുക്ക് ചെയ്യണം
ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയർ സുവിധ പോർട്ടലിൽ സജ്ജമാക്കും. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
നിലവിൽ ഡൽഹി, മുംബൈ, കോൽക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാർക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാൽ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. സാധാരണഗതിയിൽ ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയാണ്. എട്ട് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന റാപ്പിഡ് പരിശോധനയ്ക്ക് 3500 രൂപയായിരിക്കും. 30 മിനിറ്റ് മുതൽ ഒന്നര മണിക്കൂറിനുള്ളിൽ റാപ്പിഡ് ടെസ്റ്റ് പരിശോധനാഫലങ്ങൾ ലഭ്യമാകും.
വിമാനത്താവളങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് ഇപ്രകാരമാണ്-
- സന്ദർശിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഏറ്റവും മുകളിലായി കാണുന്ന ‘Book Covid-19 Test’ ക്ലിക്ക് ചെയ്യുക.
- അന്താരാഷ്ട്ര യാത്രക്കാരൻ എന്നത് തിരഞ്ഞെടുക്കുക.
- പേര്, ഇമെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, പാസ്പോർട്ട് നമ്പർ, മേൽവിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക.
- ആർടിപിസിആർ, റാപ്പിഡ് ആർടിപിസിആർ എന്നിവയിൽ നിന്ന് പരിശോധനാ രീതി തിരഞ്ഞെടുക്കുക.