സാന്‍ ഫ്രാന്‍സിസ്‌കോ: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തിലായതായി പഠനം. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ കലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
കൊവിഡില്‍ നിന്നും ലോകത്തിന് ഉടനൊന്നും മുക്തരാകാന്‍ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നല്‍കുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി വന്‍തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
വാക്‌സീനുകള്‍ എല്ലായിടങ്ങളിലും വിതരണം ചെയ്തു ജനത്തിന്റെ ആരോഗ്യനില ഉയര്‍ത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ വാക്‌സീന്‍ ബൂസ്റ്ററുകള്‍ സ്വീകരിക്കാന്‍ ജനം മടിക്കരുതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
അതിനിടെ കൊവിഡിൽ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്സീനേഷൻ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല. മറ്റ‌് നിയന്ത്രണങ്ങളും കർശനമായി തുടരണം. നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നത് അപകടകരമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.ലോകമെങ്ങും ഒമിക്രോണിന് ഒപ്പം മരണങ്ങളും കൂടുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഡെന്മാർക്ക് എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .
ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോണിൻറെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമിക്രോൺ. ഒര ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമിക്രോൺ പകർച്ചയിൽ രോഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും കിടത്തി ചികിൽസ ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റർ ചികിൽസ നൽകേണ്ടവരിലെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു.
മൂന്നാം തരംഗത്തിലെ ഈ ആശ്വാസത്തിനിടയിലേക്കാണ് ഇന്ത്യക്ക് മുന്നറിയിറിയിപ്പ്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉപവകഭേദം പടർന്നാൽ വീണ്ടും രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
അതേസമയംമൂന്നാം തരംഗത്തിൽ ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തൽ. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.