NationalNews

ഒരിക്കൽ ഒമിക്രോൺ ബാധിച്ചാൽ പിന്നീട് കൊവിഡ് വരില്ലേ?വിശദീകരണവുമായി ശാസ്ത്രജ്ഞർ

കൊവിഡ് 19 രോഗം ( Covid 19 Disease ) പരത്തുന്ന വൈറസിന്റെ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Infection ) .

നേരത്തേ വ്യാപകമായി കൊവിഡ് വ്യാപനം നടത്തിയിരുന്ന ഡെല്‍റ്റ എന്ന വകഭേദത്തെക്കാളും മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിവുള്ള വകഭേദമാണ് ഒമിക്രോണ്‍.

രോഗവ്യാപനം വേഗത്തിലാക്കുന്നുവെങ്കിലും രോഗതീവ്രത വര്‍ധിപ്പിക്കാന്‍ ഒമിക്രോണിന് കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് നിലവിലെ വിലയിരുത്തല്‍. അതേസമയം ഒമിക്രോണ്‍ ബാധിച്ചാല്‍ ജൈവികമായി കൈവരുന്ന പ്രതിരോധശക്തി പിന്നീട് കൊവിഡ് പിടിപെടുന്നതില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാലിതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്?

യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ പറയുന്നത് ഒമിക്രോണ്‍ ബാധിച്ചുവെന്നതിനാല്‍ ഭാവിയില്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത ഇല്ലാതാകുന്നില്ലെന്നാണ്. രോഗം എത്രത്തോളം തീവ്രമായി ബാധിക്കുന്നു എന്നതിന് അനുസരിച്ച്‌ പ്രതിരോധശക്തി കൈവരുമെന്നും, ചെറിയ രീതിയില്‍ ഒമിക്രോണ്‍ ബാധിച്ചയാളാണെങ്കില്‍ അവര്‍ക്ക് അത്രത്തോളം പ്രതിരോധശേഷി കൈവരില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

‘യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ’യില്‍ നിന്നും യുകെ ഗവണ്‍മെന്റ് ആരോഗ്യവിഭാഗത്തില്‍ നിന്നെല്ലാമുള്ള ഗവേഷകരാണ് ഈ പഠനങ്ങള്‍ക്ക് പിന്നില്‍.

ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ഒമിക്രോണിനെക്കാളും വേഗതയില്‍ രോഗം വ്യാപിപ്പിക്കുന്നുണ്ടെന്നും ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ബിഎ.2 കൂടിവരുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രോഗം ഒരു തവണ പിടിപെട്ടതിന്റെ ഭാഗമായി കൈവരുന്ന പ്രതിരോധശക്തിക്ക് കാലാവധിയുണ്ട് എന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളുടെ പ്രാധാന്യം ഏറെയാണെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നുണ്ട്.

പ്രതിരോധം ശക്തമാക്കാനും, രോഗത്തെ നേരിടാന്‍ സജ്ജമാക്കാനും ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്ക് കഴിയുമെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. വാക്‌സിനേഷന്‍ പ്രക്രിയ ദീര്‍ഘദൂരം മുന്നോട്ടുപോയ രാജ്യങ്ങളില്‍ കൊവിഡ് മരണനിരക്കും ആശുപത്രി കേസുകളും കുറഞ്ഞതായും പഠനം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button