News

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഗോവയും മണിപ്പൂരും ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു.

രോഗ വ്യാപനം തീവ്രമായ ഇടങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം നടക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാലാവസ്ഥ ഒമിക്രോണ്‍ വ്യാപനത്തിന് കൂടുതല്‍ വേഗത നല്‍കുമെന്ന് റിപ്പോര്‍ട്ട്.

അതേസമയം സംസ്ഥാനത്തെ ഒമിക്രോണ്‍ വ്യാപന സാഹചര്യം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും. ഒമിക്രോണ്‍ പടരാതിരിക്കാന്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ എന്നത് യോഗത്തില്‍ ചര്‍ച്ചയാകും. പുതുവത്സര ദിനത്തിലടക്കമുള്ള നിയന്ത്രങ്ങള്‍ തുടരണമോ എന്ന കാര്യവും പരിഗണിക്കും.

കുട്ടികളുടെ വാക്സിനേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അതിനായുള്ള മുന്നൊരുക്കളും മന്ത്രിസഭ ചര്‍ച്ച ചെയ്യും. നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.

കടകള്‍ രാത്രി 10 ന് അടയ്ക്കണം. പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഒമിക്രോണ്‍ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button