ഭുവനേശ്വര്‍: വനിതാ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും അടുത്തവര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിനു യോഗ്യത നേടി. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിലും റഷ്യയെ തറപറ്റിച്ചായിരുന്നു ഒളിമ്പിക്സ് പ്രവേശനം.സ്‌കോര്‍: ആദ്യ പാദത്തില്‍ 4-2, രണ്ടാം പാദത്തില്‍ 7-1, ആകെ 11-3.ലോക ഹോക്കി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ പുരുഷ ടീം. വെള്ളിയാഴ്ചയായിരുന്നു 22-ാം സ്ഥാനത്തുള്ള റഷ്യയെ ആദ്യ പാദത്തില്‍ തോല്‍പ്പിച്ചത്.
രണ്ടാം പാദത്തില്‍ 4-1-ന് അമേരിക്കയോടു പരാജയപ്പെട്ടിട്ടും വനിതാ ടീം ഒളിമ്പിക്സില്‍ പ്രവേശിച്ചു. ആദ്യ പാദത്തില്‍ 5-1-നു ജയിച്ചതാണ് അവര്‍ക്കു സഹായകമായത്.ശനിയാഴ്ച നടന്ന പുരുഷ ടീമിന്റെ രണ്ടാം പാദത്തില്‍ ആകാശ്ദീപ് സിങ്, രൂപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ രണ്ടു ഗോള്‍ വീതവും ലളിത് ഉപാധ്യായ, നീല്‍കാന്ത ശര്‍മ, അമിത് റോഹിദാസ് എന്നിവര്‍ ഓരോ ഗോള്‍ വീതവും ഇന്ത്യക്കായി നേടി. ആദ്യ ലീഡ് നേടിയത് റഷ്യയായിരുന്നു, 25-ാം സെക്കന്റില്‍. അലക്സി സോബോളോസ്‌കിയായിരുന്നു സ്‌കോറര്‍
21-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍, ലളിത് ഉപാധ്യായയിലൂടെ. ഹാര്‍ദിക് സിങ്ങിന്റെ ഷോട്ടില്‍ സ്റ്റിക് വെച്ച് വഴിതിരിച്ച് വലയ്ക്കുള്ളില്‍ വീഴ്ത്തുകയായിരുന്നു ഉപാധ്യായ.രണ്ട് മിനിറ്റിനു ശേഷം ലീഡ് ഉയര്‍ത്താന്‍ ഇന്ത്യക്കായി. പെനാല്‍റ്റി കോര്‍ണറിലൂടെ ആകാശ്ദീപായിരുന്നു സ്‌കോറര്‍. അതിനുശേഷം റഷ്യന്‍ പ്രതിരോധം തുടര്‍ച്ചയായി ഭേദിക്കപ്പെട്ടു. അവര്‍ക്കു മത്സരത്തിലേക്കു തിരിച്ചുവരാനായില്ല. തുടര്‍ന്ന് ഹാഫ് ടൈമിന് ഒരു മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളും നേടി. ആകാശ്ദീപായിരുന്നു ഇത്തവണയും സ്‌കോറര്‍.
47-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ നാലാം ഗോള്‍. നീല്‍കാന്തയുടെ ശക്തമായ അടിയിലായിരുന്നു ഗോള്‍ പിറന്നത്. അടുത്ത മിനിറ്റില്‍ രൂപീന്ദര്‍ പെനാല്‍റ്റി കോര്‍ണറും ഗോളാക്കി.കളിയുടെ അവസാന രണ്ട് മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റാന്‍ രൂപീന്ദര്‍, റോഹിദാസ് എന്നിവര്‍ക്കു കഴിഞ്ഞതോടെ ഇന്ത്യക്ക് വിജയത്തിന്റെ മാറ്റ് കൂട്ടാനായി.