KeralaNews

സംസ്‌കരിക്കാനൊരുങ്ങിയ വയോധികയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൊലപാതകമെന്ന് തെളിഞ്ഞു

മാവേലിക്കര: തെക്കേക്കരയില്‍ സംസ്‌കരിക്കാനായി എടുത്ത വീട്ടമ്മയുടെ മൃതദേഹം സംശയത്തെത്തുടര്‍ന്നു പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നിമേല്‍ പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ (80) യുടെ മരണമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒന്‍പതോടെ സംസ്‌കാര ചടങ്ങിനായി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് കുറത്തികാട് പോലീസ് എത്തി സംസ്‌കരിക്കാന്‍ അനുവദിക്കാതെ തടഞ്ഞത്. മരണത്തില്‍ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി സമീപവാസികള്‍ കൊടുത്ത പരാതിയിലായിരുന്നു നടപടി. തുടര്‍ന്നു പോലീസ് നടത്തിയ പ്രാഥമിക മൃതദേഹ പരിശോധനയില്‍ കഴുത്തിലെ ചതവ് പാട് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആലപ്പുഴയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ തൈറോയിഡ് ഗ്രന്ഥിക്കു പരിക്കു പറ്റിയതായും കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞതായും കണ്ടെത്തി.

മകനായ സന്തോഷിന്റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകന്‍ സുനിലും താമസിച്ചു വന്നിരുന്നത്. സംഭവത്തില്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പോലീസ് പറഞ്ഞു. കുറത്തികാട് സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button