വയോധികന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍; കൊച്ചിയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കൊച്ചി: ചെല്ലാനത്ത് വയോധികനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലാനം വലിയപറമ്പില്‍ ആന്റണി (64) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

ഇന്നലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് കൊച്ചിയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെല്ലാനം, കണ്ണമാലി, മാനാശേരി എന്നീ പ്രദേശങ്ങള്‍ക്ക് പുറമെ കൊച്ചി കോര്‍പറേഷനിലെ സൗദിയിലും, പി ആന്റ് ടി കോളനിയും വെള്ളക്കെട്ട് അതീവ രൂക്ഷമാണ്.

ചെല്ലാനത്തെ സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. പ്രദേശത്തെ വീടുകളെല്ലാം വെള്ളത്തിനടിയിലാണ്. ചെല്ലാനത്ത് രാവിലെ 10 മണി മുതല്‍ കടല്‍കയറി തുടങ്ങിയിരുന്നു. ചെല്ലാനം കണ്ടക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 12 പേര്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ജീവനക്കാരെ മാറ്റിയത്.

കൊവിഡ് രോഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഇവിടെ ക്യാമ്പുകള്‍ തുറന്നുവെങ്കിലും കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ മാറാന്‍ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് അതിരൂക്ഷമായ ഈ പ്രദേശത്തെ പുനരധിവാസം ജില്ലാ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്.

ചെല്ലാനം, കണ്ണമാലി, മാനാശേരി ഭാഗങ്ങളില്‍ വെള്ളംകയറുന്നതിനൊപ്പം തന്നെ കൊച്ചി കോര്‍പറേഷനിലെ സൗദിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. സൗദിയില്‍ ഒരു വീട് തകര്‍ന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

കൊച്ചി പി ആന്റ് ടി കോളനിയും വെള്ളത്തിനടിയിലാണ്. കൊവിഡ് രോഗികള്‍ താമസിക്കുന്ന വീടുകളിലടക്കം വെള്ളം കയറിയത് ആശങ്ക സൃഷ്ടിച്ചു. ക്വാറന്റീനിലിരിക്കുന്ന ആളുകളടക്കം ദുരിതത്തിലായി. നിലവില്‍ കോളനി നിവാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ട് മാത്രമേ കൊവിഡ് രോഗികളെ മാറ്റുകയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News