മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

കൊല്ലം: കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മണ്‍ട്രോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75) ഭാര്യ വിലാസിനിയെ(65) വെട്ടികൊന്ന ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയോടെ നടന്നതായി സംശയിക്കുന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം.

പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്. മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്.

സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. പുരുഷോത്തമന്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പോലീസ് അനുമാനം. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമന്‍. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News