ഇടുക്കിയില്‍ വയോധികന്‍ വീട്ടില്‍ മരിച്ച നിലയില്‍; മുഖത്ത് മുറിവേറ്റ പാടുകള്‍

ഇടുക്കി: അടിമാലി കുരിശുപാറയില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറുപത്തിനാലുകാരനായ അറയ്ക്കല്‍ ഗോപിയെയായാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുഖത്ത് മുറിവേറ്റ പാടുകള്‍ ഉണ്ട്. സുഹൃത്തുക്കളാണ് ഗോപിയുടെ മൃതദേഹം ആദ്യം കണ്ടത്. ഗോപി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ രോഗിയെ ആശുപത്രിക്ക് സമീപമുളള ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം വെച്ചൂര്‍ തുണ്ടിയില്‍ ടി.എസ് പ്രദീപിനെ(52)യാണ് സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ് പ്രദീപ്.

കഴിഞ്ഞ ദിവസമാണ് പ്രദീപ് ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഇദ്ദേഹത്തെ ഏഴാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് മൂത്ത സഹോദരന്‍ ബൈജുവിനെ ഫോണില്‍ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും കാന്‍സര്‍ ആണെന്നും രാത്രി കൂട്ടിരിപ്പിനായി വരണമെന്നും പറഞ്ഞിരുന്നു. ബൈജു ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രദീപിനെ വാര്‍ഡില്‍ കാണാന്‍ സാധിച്ചില്ല. വിളിച്ച് നോക്കിയപ്പോള്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

ഇതോടെ ബൈജു ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News