കണ്ണൂര്‍: വാക്‌സിന്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപ നല്‍കി അവശനായ വയോധികന്‍. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഇനി ബാക്കിയുള്ളത് വെറും 850 രൂപ മാത്രമാണ്. വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കില്‍ നിന്നുമാണ് ഇദ്ദേഹം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. സംഭവത്തെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥനായ സി.പി സൗന്ദര്‍ രാജ് പറയുന്നത് ഇങ്ങനെയാണ്;
സാധാരണക്കാരനായ, അവശനായ ഒരു മനുഷ്യന്‍ ബാങ്കിലേക്കു കയറിവന്ന് ചോദിച്ചു: എന്റെ അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്നു പറയാമോ? 2,00,850 രൂപയുണ്ടെന്ന് പറഞ്ഞോടെ അടുത്ത നിര്‍ദേശവുമെത്തി- അതില്‍ രണ്ടു ലക്ഷം രൂപ കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണം. തനിക്ക് ആദ്യം അമ്പരപ്പായിരുന്നു, പിന്നെ ഞങ്ങളെപോലെയുള്ള ഉദ്യോഗസ്ഥരൊക്കെ ആ മനുഷ്യന്റെ മുന്നില്‍ എത്ര ചെറുതാണെന്ന് ഓര്‍ത്തുപോയി എന്നും സൗന്ദര്‍ രാജ് പറയുന്നു. കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരാള്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റു ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നും മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്‍പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്നു ചോദിച്ചു. നിങ്ങള്‍ക്ക് പൈസ ആവശ്യമായി വന്നാലോ എന്നും ഓര്‍മിപ്പിച്ചു. എന്നാല്‍ എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കൂടാതെ ബീഡി തെറുപ്പും ഉണ്ടെന്നും അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ടെന്നും എനിക്ക് ജീവിക്കാന്‍ അതു തന്നെ ധാരാളമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. പണം ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്’ എന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ സൗന്ദര്‍രാജ് ബാങ്ക് മാനേജരെ വിവരമറിയിച്ചു. ആദ്യ അനുഭവമായതിനാല്‍ ബാങ്കിലെ ജീവനക്കാര്‍ വിഷയം ചര്‍ച്ച ചെയ്തു. അക്കൗണ്ടിലുള്ള പണം മുഴുവനായി കൈമാറുകയാണ്. ബന്ധുക്കളെ അറിയിക്കണോ എന്നതടക്കം ചര്‍ച്ചയായി. പ്രായമായയാള്‍ നിലപാടില്‍ ഉറച്ചുനിന്നു. എന്റെ പണം അയയ്ക്കുന്നതില്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നമെന്ന് അല്‍പം ദേഷ്യപ്പെടുകയും ചെയ്തു.
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ കാരുണ്യമുള്ള മുഖഭാവം കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു മനസിലായി. ആ പ്രവൃത്തിയുടെ മഹത്വവും മനസിലായി. നിരവധിപേര്‍ക്ക് തുണയാകാന്‍ ആ പണം കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫറായി. കേരളത്തെ കേരളമാക്കുന്ന അനുഭവങ്ങളില്‍ ഒന്നുകൂടി പിറന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.