കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി, ഒരാളെ പുറത്തെടുത്തു

കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് ഉള്ളില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളെ പുറത്തെടുത്തു. ബാക്കി രണ്ടുപേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊർജിതപ്പെടുത്തി.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

10 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News