ന്യൂഡൽഹി: 18-ാം ലോക്സഭയുടെ സ്പീക്കറായ ഓം ബിർളയെ തിരിഞ്ഞെടുത്തു. ഓം ബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രമേയം അംഗീകരിച്ച് ഓം ബിർളയെ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല. ഇത് രണ്ടാം തവണയാണ് ഓം ബിർള തിരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒരുമിച്ചു ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി വഹിച്ച ആദ്യ ദൗത്യമായിരുന്നു ഇത്.
എട്ടാംവട്ടം ലോക്സഭാംഗമായ കൊടിക്കുന്നിൽ സുരേഷിനെയാണ് ഇന്ത്യ സഖ്യം സ്ഥാനാർത്ഥിയാക്കിയത്. ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലൂടെ സ്പീക്കറെ തിരഞ്ഞെടുക്കുക എന്നതാണ് കീഴ്‌വഴക്കമെങ്കിലും ഇത്തവണ ആ നീക്കംപൊളിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയത്. നിലവിലെ അംഗബലം അനുസരിച്ച് എൻഡിഎ സ്ഥാനാർത്ഥി ഓം ബിർള സുഗമമായി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ഈ പദവിയിലേക്ക് അപൂർവ്വമായ മത്സരം നടന്നു എന്നതും ശ്രദ്ധേയമായി.
ഓം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങളുണ്ടായിരുന്നു. കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഓം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിനെ പിന്താങ്ങി. ഈ പ്രമേയമാണ് ആദ്യം വോട്ടെടുപ്പിന് പരിഗണിച്ചത്. ആദ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടയാളെ ലോക്‌സഭാ സ്പീക്കറാക്കണമെന്ന പ്രമേയമാണ് പ്രോടേം സ്പീക്കർ ആദ്യം പരിഗണിക്കുക. ആദ്യം നാമനിർദ്ദേശം നൽകിയതിനാൽ എൻഡിഎ നേതാവ് ഓം ബിർലയെ തിരഞ്ഞെടുക്കണമെന്ന പ്രമേയം ആദ്യം പരിഗണിച്ചു.
സ്പീക്കർ സ്ഥാനത്തേക്കു നാമനിർദ്ദേശം നൽകുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് 12ന് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ഓം ബിർലയുടെ സ്ഥാനാർത്ഥിത്വം ഭരണപക്ഷം പ്രഖ്യാപിച്ചത്. ഇതോടെ, സഭയിലെ ഏറ്റവും മുതിർന്ന അംഗമായിട്ടും പ്രോടെം സ്പീക്കർ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെത്തന്നെ ഇന്ത്യാസഖ്യം രംഗത്തിറക്കിയത്.