NationalNews

ഒഡീഷ ട്രെയിന്‍ ദുരന്തം:പിഴവ് സംഭവിച്ചതെവിടെ?കണ്ടെത്തലുകളും നിഗമനങ്ങളും ഇങ്ങനെ

ഭൂവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തമുണ്ടായിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോഴും അപകടം എങ്ങനെ സംഭവിച്ചുവെന്നതിന് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. 288 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം. എന്നാല്‍, റെയില്‍വേ നടത്തിയ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും വിവരങ്ങളും അപകടം എങ്ങനെ സംഭവിച്ചുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗബസാര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന ദുരന്തത്തിലേക്ക് നയിച്ചത് കോറമണ്ഡല്‍ എക്‌സ്പ്രസ് സിഗ്നല്‍ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണെന്നാണ് വ്യക്തമാകുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം പാളംതെറ്റുകയും തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്‌. ഇതിന്റെ ആഘാതത്തില്‍ തെറിച്ച കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ചില കോച്ചുകള്‍ അതേ സമയത്ത് തന്നെ എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ അവസാന നാല് കോച്ചുകളില്‍ ചെന്ന് പതിച്ചു. വാസ്തവത്തില്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസ് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ മുന്നിലേക്കാണ് എത്തിയതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിനേക്കാളും വലുതാകുമായിരുന്നു. ഇപ്പോഴത്തെ അപകടത്തില്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ പിന്നിലെ കോച്ചുകളാണ് പാളം തെറ്റിയതെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചത്.

വൈകീട്ട് ഏഴ് മണിയോട് കൂടി മിനിറ്റുകള്‍ക്കിടയിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. ഒഡീഷ തലസ്ഥാനമായ ഭൂവനേശ്വറില്‍ നിന്ന് 170 കിലോമീറ്ററും സൗത്ത് കൊല്‍ക്കത്തയില്‍ നിന്ന് 250 കിലോമീറ്ററുമാണ് ദുരന്ത സ്ഥലത്തേക്കുള്ള ദൂരം.

റോഡരികിലുള്ള ഒരു റെയില്‍വേ സ്‌റ്റേഷനാണ് ബഹനാഗബസാര്‍. മൂന്ന് പ്ലാറ്റ് ഫോമുകളും നാല് ട്രാക്കുകളുമാണ് ഈ സ്‌റ്റേഷനിലുള്ളത്. ഇതില്‍ രണ്ട് ട്രാക്കുകളാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഇതിനെ അപ് ലൈനെന്നും ഡൗണ്‍ ലൈനെന്നും വിളിക്കുന്നു. ഇതിന്റെ രണ്ട് വശത്തായുമുള്ള മറ്റു രണ്ട് ട്രാക്കുകള്‍ ലൂപ് ലൈനുകളാണ്. പ്രധാന ട്രാക്കുകളിലൂടെ ട്രെയിനുകള്‍ കടത്തി വിടാനും നിര്‍ത്തിയിടാനുമായിട്ടാണ് ഈ ലൂപ് ലൈനുകള്‍ ഉപയോഗിക്കുക.

കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് അപ് ലൈനിലൂടെയും യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഡൗണ്‍ ലൈനിലൂടെയുമാണ് കടന്നുപോകേണ്ടത്. രണ്ടു തീവണ്ടികള്‍ക്കും ഇവിടെ സ്‌റ്റോപ്പില്ല. അപകടം നടന്ന വെള്ളിയാഴ്ച കോറമണ്ഡല്‍ എക്‌സ്പ്രസിനും യശ്വന്ത്പുര്‍ എക്‌സ്പ്രസിനും കടന്നുപോകുന്നതിനായി രണ്ട് ഗുഡ്‌സ് ട്രെയിനുകളെ ലൂപ് ലൈനുകളിലേക്ക് മാറ്റിയിരുന്നു. ഈ ട്രെയിനുകളെ ലൂപ് ലൈനുകളിലേക്ക് മാറ്റിയ ശേഷമാണ് പ്രധാന ലൈനുകളിലൂടെ എക്‌സ്പ്രസുകളെ കടത്തിവിടുന്നതിന് ഗ്രീന്‍ സിഗ്നല്‍ നല്‍കിയത്.

എന്നാല്‍ അപ് ലൈനിലൂടെ കടന്നുപോകേണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ് ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപ് ലൈനിലൂടെ കടന്നുപോകാന്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചെങ്കിലും പിന്നീട് ഈ സിഗ്നല്‍ ഓഫാകുകയും ചെയ്തു. ഇതോടെയാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് അപ് ലൈനിലൂടെ ഓടേണ്ടതിന് പകരം ലൂപ് ലൈനിലേക്ക് കയറിയതെന്നാണ് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

128 കിലോമീറ്റര്‍ വേഗതയില്‍ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് അതേ വേഗതയില്‍ ഇടത് വശത്തുള്ള ട്രാക്കിലേക്ക് കയറിയതും ബോഗികള്‍ പാളം തെറ്റുകയും അവിടെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. ഇതില്‍ ഏഴ് കോച്ചുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് തരിപ്പണമായി. നാല് കോച്ചുകള്‍ മറ്റു കോച്ചുകളുടെ മുകളിലായി കയറി നില്‍ക്കുന്ന നിലയിലാണ്.

ചില കോച്ചുകള്‍ തൊട്ടുപ്പുറത്തെ ഡൗണ്‍ലൈനിലേക്ക് തെറിച്ചു. അതേ സമയം തന്നെ കടന്നുപോകുകയായിരുന്നു യശ്വന്ത്പുര്‍ എക്‌സ്പ്രസിന്റെ പിന്‍ഭാഗത്തായിട്ടാണ് ഈ കോച്ചുകള്‍ വന്ന് പതിച്ചത്. ഇത് എന്‍ജിന് മുന്നിലേക്കാണ് ചെന്ന് പതിച്ചതെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.


കോറമണ്ഡല്‍ എക്സ്പ്രസിന്റെ കോച്ച് പൊസിഷനിംഗ് പരിശോധിച്ചാല്‍, അതിന്റെ ആദ്യത്തെ മൂന്ന് കോച്ചുകള്‍ റിസര്‍വ് ചെയ്യപ്പെടാത്തവയാണ് – ഒരു സീറ്റിംഗ്-കം-ലഗേജ് റേക്ക് (SLR), രണ്ട് ജനറല്‍ സിറ്റിംഗ് (GS) എന്നിങ്ങനെയാണ് ആദ്യ മൂന്ന് കോച്ചുകള്‍. നൂറു കണക്കിന് സാധാരണക്കാര്‍ ഈ കോച്ചുകളിലുണ്ടായിരുന്നു. വെള്ളിയാഴ്ചത്തെ ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചത് ഈ കോച്ചുകളിലെ യാത്രക്കാരെയാണ്. ഇതില്‍ യാത്ര ചെയ്ത ഭൂരിപക്ഷം യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.

അതേ സമയം അപകടത്തിലേക്ക് നയിച്ച സിഗ്നല്‍ തകരാറിന് പിന്നില്‍ മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്‌നമാണോ എന്നത് സംബന്ധിച്ച് റെയില്‍വേ ഒരു വിവരം നല്‍കുന്നില്ല.
റൂട്ട് റിലേ ഇന്റര്‍ലോക്കിംഗ് (RRI) സിസ്റ്റം പൂര്‍ണ്ണമായും തകരാറാകുന്ന സ്ഥിതിവിശേഷം വളരെ വിരളമാണെന്നാണ് സാങ്കേതിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അസി.സ്റ്റേഷന്‍ മാസ്റ്ററുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടയാതായി ആരോപണമുണ്ട്. ഗ്രീന്‍ സിഗ്നല്‍ ഇട്ട ശേഷം ട്രെയിന്‍ കടന്നുപോകും മുമ്പേ റെഡ് സിഗ്നല്‍ നല്‍കിയെന്നാണ് ആരോപണം. റെയില്‍വേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button