ഭുവനേശ്വർ: ഒഡിഷ യിൽ 278 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിൽ നാൽപതോളം പേരുടെ മരണത്തിന് കാരണം വൈദ്യുതാഘാതമേറ്റതാകാമെന്ന് റിപ്പോർട്ട്. അപകടത്തിൽപെട്ട കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ലഭിച്ച നാൽപതോളം പേരുടെ മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിലെ ബോഗികളിൽ ഇടിച്ച് ശ്വന്തപുര്‍- ഹൗറ എക്‌സ്പ്രസും മറിഞ്ഞിരുന്നു. ഈ സമയത്ത് വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം നാൽപത് പേരുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
‘ഒട്ടനേകം പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. എന്നാൽ, 40 പേരുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ശരീരത്തിൽ മുറിവുകളോ ചോര പൊടിയുന്നതായോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വൈദ്യുതാഘാതമേറ്റതായിരിക്കാം’ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ട്രെയിന് മുകളിലുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ബോഗിയിലേക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽ ഉദ്യോഗസ്ഥനായിരുന്ന, മുൻ ചീഫ് ഓപറേഷൻ മാനേജർ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങാൻ റെയിൽവേ അഭ്യർഥിച്ചു. ഒഡിഷ സർക്കാരിന്റെ പിന്തുണയോടെ, മൃതദേഹങ്ങളുടെ ചിത്രം കാണാവുന്ന വെബ്‌സൈറ്റ് ലിങ്കുകൾ സഹിതമാണ് റെയിൽവേയുടെ അഭ്യർഥന. ചികിത്സയിലുള്ളവർ ഏത് ആശുപത്രിയിലാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും ലിങ്കിൽ ലഭ്യമാണ്.
കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുഴുവൻസമയവും ബന്ധപ്പെടാൻ 139 എന്ന ഹെൽപ് ലൈനിൽ വിളിക്കാം. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ ഹെൽപ് ലൈനിലും (18003450061/1929) വിളിക്കാം. ഭുവനേശ്വർ മുനിസിപ്പൽ കമ്മിഷണർ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഉറ്റവർക്ക് അവിടെയെത്തിയാൽ ബന്ധപ്പെട്ട ആശുപത്രികളിലേക്കും മോർച്ചറിയിലേക്കും വാഹനസൗകര്യവും ലഭ്യമാണ്.