കണ്ണൂർ∙ ഞായറാഴ്ച രണ്ടു ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സർവേഷാണ് കല്ലെറിഞ്ഞതെന്നു സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. മദ്യപിച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തത്.
നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മേയ് 5ന് വൈകിട്ട് വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം വന്ദേഭാരത് എക്സ്പ്രസിനു കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവർഷം ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. കല്ലേറിൽ യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെ.
2022 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ റെയിൽവേ സുരക്ഷാസേന 5 കേസുകളാണെടുത്തത്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പുപാളി വച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നുതന്നെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയിൽ ട്രാക്കിൽ കല്ലു നിരത്തിയതും കണ്ടെത്തിയിരുന്നു.