തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോവിഡ് വ്യാപനവും ഇതുമൂലമുള്ള മരണവും വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് മാസം സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ മരണം അധികമാകുന്നത് നല്ലനിലയ്ക്കു തടയാന്‍ സാധിക്കൂ. നിലവില്‍ പതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് രോഗികളെ കൂടുതലായി കണ്ടെത്താന്‍ സാധിക്കുന്നത്.
എന്നാല്‍ മുന്‍പ് ഇല്ലാത്ത നിലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലാണ്. ഇതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.