FeaturedHome-bannerNationalNews

കോച്ചിങ് സെന്ററുകളിൽ 16 വയസ്സ് തികഞ്ഞവർ മതി;കടിഞ്ഞാണുമായി കേന്ദ്രം

ന്യൂഡല്‍ഹി: 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വിദ്യാര്‍ഥി ആത്മഹത്യകള്‍, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വര്‍ദ്ധന നിയന്ത്രിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ബിരുദത്തില്‍ താഴെ യോഗ്യതയുള്ളവര്‍ കോച്ചിങ് സെന്ററുകളില്‍ അധ്യാപകരാവാന്‍ പാടില്ല. 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. കൂടാതെ ഹയര്‍ സെക്കണ്ടറി പരീക്ഷ പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കെ സ്ഥാപനത്തില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂ.

കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം. അധ്യാപകരുടെ യോഗ്യത, കോഴ്‌സുകള്‍, ഹോസ്റ്റല്‍ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. മികച്ച റാങ്ക്, ഉയര്‍ന്ന മാര്‍ക്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ പ്രലോഭിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button