തിരുവനന്തപുരം: ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആര്‍ കേളു. അതേസമയം, കേരള മന്ത്രി സഭയില്‍ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി എന്‍ വാസവന് ദേവസ്വം വകുപ്പിന്‍റെ ചുമതല നല്‍കും. പാര്‍ലമെന്‍ററി കാര്യ വരുപ്പ് എം ബി രാജേഷിന് നല്‍കും.
ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടിരുന്നു. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു.