രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് എന്ന ഡി.എസ്.പിക്കെതിരെ ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘ഓ പരി’ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി നല്‍കിയത്. മോശമായി വസ്ത്രം ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്ന ഗാനത്തിൽ സംഗീതസംവിധായകൻ ഭക്തിഗാനശകലങ്ങൾ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ദേവി ശ്രീ പ്രസാദ് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് സംഗീതസംവിധായകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് സൈബർ ക്രൈം എസിപി കെ.വി.എം പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ആദ്യ പാൻ ഇന്ത്യൻ പോപ് ഗാനം എന്ന അവകാശവാദവുമായി എത്തിയ ഗാനമാണ് ഓ പരി. തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. ദേവി ശ്രീ പ്രസാദ് തന്നെയാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും. യൂട്യൂബില്‍ റിലീസ് ചെയ്ത നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം രണ്ട് കോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു.