ഓർഡർ ചെയ്ത പിസയിൽ നട്ടും ബോൾട്ടും ആണികളും; പരാതിയുമായി യുവതി
ലാങ്ഷെയര്‍ : ലോകപ്രശസ്ത ബ്രാന്‍ഡായ ഡൊമിനോസില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത പിസയില്‍ നട്ടും ബോള്‍ട്ടും ആണികളും. യുകെയില്‍ നിന്നുള്ള ജെമ്മ ബാര്‍ട്ടര്‍ എന്ന യുവതി ഓര്‍ഡര്‍ ചെയ്ത പിസയിലാണ് നട്ടും ബോള്‍ട്ടും കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ ജെമ്മ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്.
‘എന്‍റെ ഡൊമിനോസ് ഓര്‍ഡറില്‍ ലഭിച്ച പിസ കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇതില്‍ പകുതിയും ഞാന്‍ കഴിച്ചുവെന്നത് എനിക്ക് വിശ്വസിക്കാനായിട്ടില്ല. ഡൊമിനോസ് തീര്‍ച്ചയായും നിങ്ങളുടെ ഉല്‍പന്നങ്ങളില്‍ ഗുണനിലവാര പരിശോധന നടത്തണം. നട്ടും ബോള്‍ട്ടുമിട്ടാണ് ഈ പിസ ബേക്ക് ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന പിസ കഴിക്കുന്നതിനു മുന്‍പ് ദയവായി പരിശോധിക്കുക’- ജെമ്മ ഫേസ്ബുക്കില്‍ കുറിച്ചു.
ഫ്ലീയിലെ തോൺടൺ-ക്ലീവ്ലീസ് ബ്രാഞ്ചിൽ നിന്നാണ് ജെമ്മ പിസ ഓർഡർ ചെയ്തത്. ജെമ്മയുടെ കുറിപ്പ് വൈറലായതോടെ ഖേദപ്രകടനവുമായി ഡൊമിനോസ് രംഗത്തെത്തി. ഉപഭോക്താക്കളുടെ സംതൃപ്തിയും സുരക്ഷയുമാണ് തങ്ങള്‍ക്ക് വലുതെന്നും അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഡൊമിനോസ് പ്രസ്താവനയില്‍ പറഞ്ഞു. യുവതിക്ക് പിസയുടെ പണം മുഴുവന്‍ തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു.