കാസര്‍ഗോഡ്: പ്രളയ ബാധിതര്‍ക്ക് സഹായഹസ്തവുമായി സ്വന്തം ഭൂമിയുടെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഴ്‌സിംഗ് ജീവനക്കാരി. കാസര്‍ഗോഡ് കുറ്റിക്കോല്‍ സ്വദേശി പ്രിയാകുമാരിയാണ് പത്ത് സെന്റ് ഭൂമി സര്‍ക്കാറിന് കൈമാറിയത്. മൂളിയാര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്‌സാണ് പ്രിയാകുമാരി.
സഹതാപമല്ല മറിച്ച് അനുതാപമാണ് ആവശ്യം എന്നാണ് നഴ്‌സിംഗ് പഠിപ്പിക്കുന്നത്. അതു തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്യാനുള്ള കാരണവും. കഴിഞ്ഞ തവണ പ്രളയം വന്നപ്പോള്‍ തന്നെ മനസ്സില്‍ ഇങ്ങനൊയൊരു ആഗ്രഹമുണ്ടായിരുന്നുവെന്നും പ്രിയകുമാരി പറയുന്നു. വൈദ്യുതി വകുപ്പില്‍ ലൈന്‍മാനായി ജോലിനോക്കുന്ന ഭര്‍ത്താവ് രവീന്ദ്രന്‍ പ്രിയാകുമാരിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി.
വൈകാതെ കളക്ടറേറ്റില്‍ നേരിട്ടെത്തി ഭൂമിയുടെ രേഖകളും കൈമാറി. കുടുംബ സ്വത്തായി കിട്ടിയ 92 സെന്റ് ഭൂമിയില്‍ നിന്നും പത്ത് സെന്റാണ് കൈമാറിയത്. ഭൂമി സര്‍ക്കാര്‍ തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കട്ടെയെന്നാണ് പ്രിയാകുമാരി പറയുന്നത്.
കാസര്‍ഗോഡ് ജില്ലയില്‍ ഈ പ്രളയത്തില്‍ ഏതാണ്ട് 29-ഓളം പേര്‍ക്ക് വീട് നഷ്ടമായിട്ടുണ്ട്. നിരവധിയാളുകള്‍ക്ക് ഭൂമി നഷ്ടമായിട്ടുണ്ട് അത്തരക്കാരുടെ പുനരധിവാസത്തിന് ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സി.സജിത്ത് ബാബു പറഞ്ഞു.