കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌; 2021 മുതല്‍ 24 വരെ കേരളത്തിലെ 201 സ്‌കൂളുകള്‍ പൂട്ടിയതായി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍സ്‌കൂളുകളുടെ എണ്ണം കുറയുന്നെന്ന കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍. 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 201 സ്‌കൂളുകള്‍ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ കെ. രാധാകൃഷ്ണനെ അറിയിച്ചു. രാജ്യത്താകെ സര്‍ക്കാര്‍സ്‌കൂളുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2021-22 വര്‍ഷത്തില്‍ കേരളത്തില്‍ 5010 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 2023-24 ആയപ്പോഴേക്കും സ്‌കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍മാത്രം 201 സര്‍ക്കാര്‍ സ്‌കൂളുകള്‍ കുറഞ്ഞതായി അദ്ദേഹം പറയുന്നു.

2019-20-ല്‍ 5014 സര്‍ക്കാര്‍ സ്‌കൂളുകളുണ്ടായിരുന്നു. അത് 2020-21-ല്‍ 5020, 2021-22-ല്‍ 5010, 2022-23-ല്‍ 4811, 2023-24-ല്‍ 4809 എന്നിങ്ങനെയായെന്നും മറുപടിയില്‍ പറയുന്നു. മിക്കസംസ്ഥാനങ്ങളിലും സര്‍ക്കാര്‍സ്‌കൂളുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട്.

അതേസമയം ഛത്തീസ്ഗഢ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍സ്‌കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News