കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ എന്‍എസ്എസ് വിട്ടുനിന്നത് ശരിയായില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് നേതൃത്വം മാടമ്പിത്തരം കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘വൈക്കം സത്യാഗ്രഹത്തില്‍ മന്നത്തിന്റെ പങ്ക് എല്ലാവരും പറയുന്നു. ശതാബ്ദി ആഘോഷത്തില്‍ എന്‍എസ്എസ് വിട്ടുനിന്നത് ശരിയായില്ല’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്‍എസ്എസ്സിന്റേത് കാലാഹരണപ്പെട്ട നേതൃത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍എസ്എസ് നേതാക്കള്‍ കാലചക്രത്തെ പുറകോട്ട് ചലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദി സമ്മേളനത്തില്‍ നിന്ന് എന്‍എസ്എസ് മാറി നിന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല. പതിനായിരക്കണക്കിന് പേരാണ് ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്തതെന്നും വെള്ളാപ്പള്ളി നടേശന്‍ വൈക്കത്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമായിരുന്നു. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്തെ വേദിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിച്ചു. വൈകിട്ട് വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തി സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഇരുവരും ഉദ്ഘാടന വേദിയിലേക്കെത്തിയത്.