ചങ്ങനാശേരി: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് രംഗത്ത്. മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. പ്രതിപക്ഷനേതാവ്, സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നു പ്രസ്താവന കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസിന്റെ പാരന്പര്യം അതാണോയെന്നു നേതൃത്വം വിലയിരുത്തണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മത-സാമുദായിക സംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍, അവരുടെ പ്രവര്‍ത്തനം വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ടെന്നു മനസിലാക്കണം.
പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടതു കെപിസിസിയാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെപിസിസി നിലപാട് വ്യക്തമാക്കണം.
ആവശ്യം വരുമ്പോള്‍ മത-സാമുദായിക സംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല. ഈ തിരഞ്ഞെടുപ്പില്‍ മുന്നണി വ്യത്യാസമില്ലാതെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ഥികളും എന്‍എസ്എസില്‍ വന്നു സഹായം തേടി. തിരഞ്ഞെടുപ്പു ദിനത്തില്‍ ഉണ്ടായ എന്‍എസ്എസ്സിന്റെ അഭിപ്രായ പ്രകടനം വിവാദമാക്കിയെങ്കിലും യഥാര്‍ഥത്തില്‍ അത് ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരല്ല.
പ്രതിപക്ഷ നേതാവും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ഥിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനു ശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു.
ഗവണ്‍മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാവിധി അവരെ അറിയിക്കും – അദ്ദേഹം പറഞ്ഞു.