തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുമായി നാളെ മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വന്ദേഭാരത് മിഷനില്‍പ്പെടുന്ന ഫ്ളൈറ്റുകളും കേരളത്തിലേക്ക് വരുമ്പോള്‍ വിമാനത്താവളങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ നടപടി ക്രമങ്ങൾ പൂർണമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവരും ടെസ്റ്റ് നടത്തുന്നതിന് ആത്മാര്‍ത്ഥമായി ശ്രമിക്കണം. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അവര്‍ കയ്യില്‍ കരുതണം.
യാത്രാസമയത്തിന് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റ്.
എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണം.
എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന്‍റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്ക്രീനിങ്ങിന് എല്ലാ യാത്രക്കാരും വിധേയമാകണം.
ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതുപോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോകണം.
ഖത്തറില്‍നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്‍റെ
‘എഹ്ത്രാസ്’ എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാകണം.
ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം.
യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.
സൗദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്കും ഫേസ് ഷീല്‍ഡും കയ്യുറയും കൂടാതെ, സഹയാത്രക്കാരുടെ, സുരക്ഷയ്ക്ക് പിപിഇ (പെഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍റ്) ധരിച്ചിരിക്കണം.
കുവൈത്തില്‍നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാക്കും.
വിമാനത്താവളത്തില്‍ എത്തിയാല്‍ ആരോഗ്യവിഭാഗം അനുവദിച്ചശേഷമേ പുറത്തുപോകാന്‍ പാടുള്ളു.
യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കയ്യുറ, മാസ്ക് എന്നിവ വിമാനത്താവളങ്ങളില്‍നിന്ന് സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും.