കൊച്ചി: കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയസഹായമായി നല്‍കിയ നൗഷാദിക്കയുടെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആണ് കടയുടെ ഉദ്ഘാടനം നടത്തിയത്. തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുന്‍പേ കൊച്ചി ബ്രോഡ് വേയില്‍ സ്വന്തമായൊരു കട കണ്ടു വെച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.
വിദേശമലയാളിയായ അഫി അഹമ്മദ് ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ എത്തി. ഇതോടെ ആദ്യ വില്പനയും ഉഷാറായി. നൗഷാദിന്റെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
മൂന്ന് ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപയാണ് നൗഷാദിക്കയുടെ കടയിലെ വില. മരിക്കുംവരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു