കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു കോട്ടയം പാലായിൽ അറസ്റ്റിൽ. ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസിലാണ് അറസ്റ്റ്. സംസ്ഥാനമെമ്പാടും മോഷണ കേസുകളിലെ പ്രതിയാണ് 62 വയസുകാരനായ തീവെട്ടി ബാബു. ഒരു പ്രദേശത്ത് മോഷണം നടത്തിയാല്‍ ഉടൻ ജില്ലകൾ കടന്ന് വളരെ ദൂര സ്ഥലത്തേക്ക് മുങ്ങുന്നതാണ് തീവെട്ടി ബാബുവിന്‍റെ രീതിയെന്ന് പൊലീസ് പറയുന്നു.
മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ആറ് മാസം മുമ്പാണ് ബാബു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷവും ബാബു വീണ്ടും പഴയ പണിയിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസിന് വിവരം കിട്ടി. ഭരണങ്ങാനത്ത് കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ബാബുവിന്‍റെ പങ്കാളിത്തം പൊലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാബു തിരുവനന്തപുരത്താണെന്ന് വ്യക്തമായി.
തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ നിന്നാണ് ബാബുവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ എസ്എച്ച് ഒ. കെ.പി. ടോംസണും സംഘവുമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലായി നൂറിൽപ്പരം മോഷണക്കേസ്സുകളിൽ പ്രതിയാണ് ബാബു. പാലാ കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു.
കോട്ടയം പാലായിൽ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കൊല്ലം കരീപ്ര കുഴിമതിക്കാട് ഹെയ്ല്‍ രാജു ആണ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് ആളൊവിഞ്ഞ പ്രദേശത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു.
മർദ്ദിച്ച ശേഷം മാല പൊട്ടിക്കാന്‍ ആയിരുന്നു ശ്രമം. ശബ്ദംകേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും കടിച്ച് പരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ഹെയ്ൽ രാജുവിനെ പിടിച്ചു വച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ ബലാൽസംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.